- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉദ്യോഗസ്ഥരടക്കം തിരിച്ചെത്തിക്കാനുള്ളത് ഇരുന്നൂറോളം പേരെ; ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കാബൂളിലെത്തി; 'റെസ്ക്യൂ മിഷൻ' തുടങ്ങുക വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ട ശേഷം; അഫ്ഗാനിലെ സാഹചര്യങ്ങൾ സൂഷ്മമായി നിരീക്ഷിച്ച് ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ ഭരണം താലിബൻ പിടിച്ചതോടെ രാജ്യത്ത് കൂട്ടപ്പലായനം തുടരുന്നതിനിടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാബൂളിലെത്തി.
കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് വിമാനങ്ങളും തുടർ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ്. കാബൂൾ വിമാനത്താവളത്തിലെ റൺവേയിൽ പ്രവേശിച്ചവരെ സൈന്യം നീക്കം ചെയ്യുന്നുണ്ടെന്നാണ് സൂചന. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ട ശേഷമായിരിക്കും റെസ്ക്യൂ മിഷൻ ആരംഭിക്കുക. അഫ്ഗാനിലെ ഇന്ത്യൻ എംബസി ജീവനക്കാർ ഉൾപ്പടെ രാജ്യത്ത് വിവിധ ജോലികളിൽ ഏർപ്പെട്ട ഇന്ത്യൻ പൗരന്മാരെയാണ് തിരികെയെത്തിക്കാനുള്ളത്.
കാബൂളിലെ ഇന്ത്യൻ എംബസി മാത്രമാണ് അവിടെ നിലവിൽ പ്രവർത്തിക്കുന്നത്. ഇരുന്നൂറോളം ഇന്ത്യക്കാർ എംബസിയിലുണ്ട് എന്നാണ് വിവരം. ഇരുപതോളം നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പോയവരും ഐടിബിപി ഭടന്മാരും കാബൂളിലെ ഇന്ത്യൻ എംബസിയിലുണ്ട്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നാല് കോൺസുലേറ്റുകൾ നേരത്തെ തന്നെ അടയ്ക്കുകയും ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ചെയ്തിരുന്നു.
യാത്രാവിമാനങ്ങൾക്ക് അഫ്ഗാനിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നാൽ അടിയന്തര ഒഴിപ്പിക്കൽ നടപടികൾക്കായുള്ള വിമാനങ്ങൾക്ക് അനുമതിയുണ്ട്. വിമാനത്താവളത്തിൽ നിലയുറപ്പിച്ച അമേരിക്കൻ സേനയുടെ സഹായത്തോടെയാണിത്.
ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രാവിലെ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗം കാബൂളിലുള്ളവരെ ഒഴിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു. കാബൂൾ വിമാനത്താവളത്തിൽ പ്രാണരക്ഷാർത്ഥം ആളുകൾ തടിച്ചു കൂടിയ സാഹചര്യത്തിൽ എങ്ങനെ ഒഴിപ്പിക്കൽ വേണമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.
വ്യോമസേനയുടെ സി 130 ജെ വിമാനങ്ങൾ കാബൂളിൽ എത്തിയിട്ടുണ്ട്. രണ്ട് വിമാനങ്ങളിലുമായി 240-ഓളം പേരെ ഇതിനോടകം മാറ്റിയിട്ടുണ്ട്. എംബസിയിൽ നിന്നും ഉദ്യോഗസ്ഥരെ വിമാനത്താവളത്തിൽ എത്തിക്കുക എന്നതും വെല്ലുവിളിയാണ്. അടുത്ത രണ്ട് ദിവസത്തേക്ക് സാഹചര്യങ്ങൾ സൂഷ്മമായി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. നിലവിൽ യാത്രാ വിമാനങ്ങൾക്ക് കാബൂളിലേക്ക് പ്രവേശനാനുമതിയില്ല. സൈനിക വിമാനങ്ങൾ മാത്രമാണ് ഇവിടേക്ക് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്.
ന്യൂസ് ഡെസ്ക്