ഒഹായോ: അമേരിക്കയിൽ വിമാനം തകർന്ന് ഇന്ത്യക്കാരായ ഡോക്ടർ ദമ്പതിമാർ കൊല്ലപ്പെട്ടു. സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം തകർന്ന് ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത(61) എന്നിവരാണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ ഒഹിയോയയിലാണ് സംഭവം.

ശനിയാഴ്‌ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നതെന്നാണ് നിഗമനം. അപകടസമയം ഉമാമഹേശ്വരയായിരുന്നു വിമാനം ഓടിച്ചിരുന്നത്. ഒഹിയോവിലെ ബെവർളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു.
അപകട കാരണം ഇതുവരെയും വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതർ അറിയിച്ചു.

ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇരുവരും മനോരോഗ വിദഗ്ദരാണ്. ഇന്ത്യാനയിലെ ലോഗൻസ്‌പോർട്ടിലാണ് ഇവരുടെ താമസം. ലോഗൻസ്പോർട്ട്, ഇന്ത്യാനപൊലിസ്, ഫോർട്ട് വെയ്ൻ, ലാഫയെറ്റെ, കൊക്കോമ എന്നിവടങ്ങളിൽ ഇവർക്ക് സ്വന്തം ക്ലിനിക്കുകളുണ്ട്.
അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ കൂടിയായ ഉമാമഹേശ്വര ഫോട്ടോഗ്രാഫിയിൽ ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.