ഹൂസ്റ്റൺ: പ്രശസ്ത കാർഡിയോളജിസ്റ്റും ഇന്ത്യൻ വംശജനുമായ ഡോ. സുരേഷ് ഗദാസാലി സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചു. ഡോ. സുരേഷിനെ വെടിവച്ച സുഹൃത്തും ബിസിനസ് പങ്കാളിയുമായ അയ്യാസാമി തങ്കം ഉടൻ തന്നെ സ്വയം നിറയൊഴിച്ച് മരിക്കുകയും ചെയ്തു. ടെക്‌സാസിലെ ഒഡീസായിലാണ് സംഭവം. ലോകത്തെ ആദ്യത്തെ simultaneous hybrid revascularisation എന്ന ശസ്ത്രക്രിയ ചെയ്ത് പ്രശസ്തി നേടിയ വ്യക്തിയാണ് ഡോ. സുരേഷ്.

ഒഡീസായിലെ ഹെൽത്തി ഹാർട്ട് സെന്ററിൽ വച്ചാണ് അമ്പത്തിമൂന്നുകാരനായ ഡോ. സുരേഷിന് അറുപതുകാരനും ഡോ. സുരേഷിന്റെ രോഗിയുമായ അയ്യാസാമി തങ്കം വെടിവയ്ക്കുന്നത്.
ഹെൽത്തി ഹാർട്ട് സെന്ററിലെ കൺസൾട്ടിങ് റൂമിൽ വച്ചാണ് ഡോ.സുരേഷിന് വെടിയേൽക്കുന്നത്. ഡോ. സുരേഷിനെ വെടിവച്ച ശേഷം അയ്യാസാമി മുറി ഉള്ളിൽ നിന്ന് അടയ്ക്കുകയും പിന്നീട് സ്വയം നിറയൊഴിക്കുകയുമായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. വർഷങ്ങളായി ഇരുവരും പരസ്പരം അറിയുന്നവരായിരുന്നുവെന്നും ചില ബിസിനസിൽ ഇവർ പങ്കാളികളായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. സംഭവം ഒഡീസ സിറ്റിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

ബാംഗളൂരിൽ നിന്നുള്ള ഡോ. സുരേഷ് ബൽഗാമിലെ ജവഹർലാൽ നെഹ്രു മെഡിക്കൽ കോളേഡിൽ നിന്ന് ബിരുദമെടുത്ത ശേഷം വിസ്‌കോൻസിൽ മെഡിക്കൽ സ്‌കൂളിൽ നിന്ന് ഇന്റേണൽ മെഡിസിൻ ആൻഡ് കാർഡിയോളജിയിലും മിൽവോക്കി സീനായി സമരിറ്റൻ സെന്ററിലും ഉപരിപഠനത്തിന് ചേർന്നിരുന്നു. 1994-ൽ ഒഡീസ മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ ജോലിക്കു ചേരുകയും ചെയ്തു. കാർഡിയോളജിസ്റ്റായി പ്രശസ്തി നേടിയ ഡോ.സുരേഷിനെ സൂപ്പർ ഡോക്ടർ ആയി 2008-ൽ ടെക്‌സാസ് മന്ത്‌ലി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം കറൻസി ഇടപാടു കേസിൽ നേരത്തെ ഡോ. സുരേഷിനെതിരേ ഫെഡറൽ കേസ് നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് ഹെൽത്തി ഹാർട്ട് സെന്ററിനെതിരേ 2012 ജൂണിൽ എഫ്ബിഐ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് 2014 ജനുവരി 22ന് ഗദാസാലിക്കെതിരേയുള്ള കേസ് പിൻവലിക്കുകയും ചെയ്തു.