ഹ്യൂസ്റ്റൻ: ആകർഷകമായ വിവിധ പരിപാടികളോടെ ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഹ്യൂസ്റ്റൻ,  ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മദ്രാസ് പവിലിയൻ ഇന്ത്യൻ റസ്റ്റോറണ്ടിൽ വച്ച് നഴ്‌സസ് ദിനം ആഘോഷിച്ചു.

അൻജലി തൊമ്മി, ഗോഡലി തൊമ്മി എന്നിവർ ദേശീയ ഗാനം ആലപിച്ചു. നഴ്‌സസ് അസോസിയേഷന്റെ നിലവിലെ പ്രവർത്തക സമിതി അംഗങ്ങളും മുൻ പ്രസിഡന്റുമാരും കത്തിച്ച മെഴുകുതിരിയേന്തി മറിയാമ്മ തോമസിന്റെ നേതൃത്വത്തിൽ നഴ്‌സസിന്റെ പൊതുവായ പ്രത്യേക പ്രാർത്ഥന ഉരുവിട്ടു. സാവിത്രി രാമാനുജത്തിന്റെ നേതൃത്വത്തിൽ സേവനത്തിന്റെ പ്രതീകമായ ഫ്‌ളോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞയും എല്ലാവരും ഏറ്റുചൊല്ലി. അസോസിയേഷൻ സെക്രട്ടറി ലൗലി എല്ലങ്കയിൽ സന്നിഹിതരായ ഏവർക്കും സ്വാഗതമാശംസിച്ചു പ്രസംഗിച്ചു. പ്രസിഡന്റ് സാലി സാമുവൽ  തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ എല്ലാ മുൻ പ്രസിഡന്റുമാരെയും പ്രവർത്തകരേയും ആദരിച്ചു സംസാരിക്കുകയുണ്ടായി. ബോസ്റ്റൻ സയിന്റിഫിക്‌സ് കമ്പനിയും, ഗ്രാൻഡ് കാനിയൻ യൂണിവേഴ്‌സിറ്റിയും പരിപാടികളുടെ സ്‌പോൺസർമാരായിരുന്നു.

യോഗത്തിൽ മിസ് കെല്ലി ഇർവിങ്, ഡോക്ടർ ബെർഗ് സ്റ്റോം എന്നിവർ  
പ്രഭാഷകരായിരുന്നു. പ്രസംഗം അതീവ വിജ്ഞാനപ്രദവും സരസവും സരളവുമായിരുന്നു. തുടർന്ന് നഴ്‌സിങ് പ്രൊഫഷണൽ മേഖലയിൽ മികവു പുലർത്തിയവർക്ക് അംഗീകാരത്തിന്റേയും പ്രശംസയുടെയും ചിഹ്നങ്ങളായ അവാർഡുകൾ നൽകുകയുണ്ടായി. ഹ്യൂസ്റ്റനിലും നാട്ടിലുമുള്ള അർഹരായ നഴ്‌സിങ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ് ഫണ്ടും, കമ്മറ്റി ചെയർപേഴ്‌സൻ മേരി തോമസ് യോഗത്തിൽ വച്ചു നൽകി. വിവിധ കലാപരിപാടികൾ ഏവരുടേയും പ്രശംസക്കു പാത്രീഭവിച്ചു. എൽസി ഷാജി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി സംസാരിച്ചു. റീതു ലൂക്കോസ,് ഷാജി വർഗീസ് എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. 2015 ലെ നഴ്‌സസ് ദിനാഘോഷങ്ങൾ എന്തുകൊണ്ടും അവിസ്മരണീയമായി തീർന്നു.