മുംബൈ: മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെ (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെയുടെ രാഷ്ട്രീയക്കളിയുടെ ഭാഗമാകാനില്ലെന്ന് ഇന്ത്യൻ സൈന്യം. നിർബന്ധിത സംഭാവനകൾ സൈന്യം സ്വീകരിക്കില്ലെന്ന് സൈനിക ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. പാക് താരങ്ങൾ അഭിനയിച്ച കരൺ ജോഹാർ ചിത്രം റിലീസ് ചെയ്യുന്നതിനായി നടന്ന അനുരഞ്ജന ചർച്ചയിലെ നിർദ്ദേശമാണ് സേന തള്ളുന്നത്.

പാക് താരങ്ങളെ അഭിനയിപ്പിക്കുന്ന സിനിമകളുടെ നിർമ്മാതാക്കൾ ആർമി വെൽഫെയർ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകണമെന്ന് രാജ് താക്കറെ നിർദ്ദേശിച്ചിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് ചിത്രം റിലീസിന് രാജ് താക്കറെ സമ്മതിച്ചത്. എന്നാൽ സൈനിക ഫണ്ടിലേക്ക് ആർക്കും സംഭാവന നൽകുന്നതിൽ തടസമില്ല. എന്നാൽ നിർബന്ധിത സംഭാവനകൾ സ്വീകരിക്കില്ലെന്ന് സൈന്യം പറയുമ്പോൾ പ്രശ്‌നം വീണ്ടും ചർച്ചയാകുന്നു. ഇത് സിനിമയുടെ റിലീസിനെ ബാധിക്കുമോ എന്ന സംശയവും സജീവമാണ്.

പാക് താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് നേരത്തെ എം.എൻ.എസ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് നടന്ന അനുരഞ്ജന ചർച്ചയിൽ ആർമി വെൽഫെയർ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ നൽകാമെന്ന് കരൺ ജോഹാർ സമ്മതിക്കുകയായിരുന്നു. വിഷയത്തിൽ പ്രതികരിച്ച മുൻ സൈനികരും എം.എൻ.എസ് നിർദ്ദേശത്തെ വിമർശിച്ചു. ആർക്കും ആർമിക്ക് സംഭാവന നൽകുന്നതിൽ തടസമില്ല. എന്നാൽ നിർബന്ധിച്ച് നൽകുന്ന തുക സ്വീകാര്യമല്ലെന്ന് മുൻ നോർത്തേൻ ആർമി കമാന്റൻഡ് ലെഫ്. ജനറൽ ബി.എസ് ജെയ്‌സ്‌വാൾ പറഞ്ഞു.

ദേശീയ വികാരം ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മുൻ ബ്രിഗേഡിയർ കുശാൽ ഠാക്കൂർ പറഞ്ഞു. തെറ്റായ ഒരു അഞ്ച് കോടി രൂപ സംഭാന നൽകിയാൽ ശരിയാകുമോ. രാഷ്ട്രീയ നേട്ടത്തിന് സൈന്യത്തിന്റെ പേര് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.