- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി സൈന്യം; ലഷ്ക്കർ കമാൻഡർ അടക്കം അഞ്ച് ഭീകരരെ വധിച്ചു; ഡൽഹിയിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട പാക് ഭീകരൻ പിടിയിൽ; തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ അടക്കം എൻഐഎ റെയ്ഡ്
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി സൈന്യം. ലഷ്ക്കർ കമാൻഡർ അടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഡൽഹിയിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് എത്തിയ പാക് ഭീകരനും പിടിയിലായി. ഇതിനിടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലുൾപ്പടെ അമ്പത് ഇടങ്ങളിൽ എൻഐഎ റെയ്ഡ് പുരോഗമിക്കുകയാണ്
ഇന്നലെ പൂഞ്ചിലെ വനമേഖലയിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മലയാളി സൈനികൻ എച്ച് വൈശാഖ് അടക്കം അഞ്ച് പേർ വീരമൃത്യു വരിച്ചിരുന്നു. ഇതോടെ തെരച്ചിൽ വ്യാപകമാക്കിയ സൈന്യം കഴിഞ്ഞ മുപ്പത് മണിക്കൂറിൽ അഞ്ച് ഏറ്റുമുട്ടലുകൾ നടത്തിയാണ് ലഷ്ക്കർ കമാൻഡർ അടക്കം അഞ്ച് ഭീകരരെ വധിച്ചത്.
ഷോപ്പിയാനിലെ തുൽറാൻ ഗ്രാമത്തിലെ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ വധിച്ചത്. ലഷ്ക്കർ കമാൻഡർ മുക്താർ ഷായെ അടക്കം വധിച്ചെന്ന് സുരക്ഷ സേന അറിയിച്ചു. ദി റെസിസ്ററൻസ് ഫ്രണ്ട് എന്ന പേരിൽ ലഷ്ക്കർ യൂണിറ്റിന് ഇയാൾ നേത്യത്വം നൽകിയിരുന്നത്. അടുത്തിടെ നാട്ടുകാർക്ക് നേരെ നടന്ന ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഷോപ്പിയാനിലെ ഫിരിപ്പോരിയിൽ നടന്ന ഏറ്റുമുട്ടിലിലാണ് നാലാമത്തെ ഭീകരനെ വധിച്ചത്. ഇവിടെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
പൂഞ്ചിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച് മലയാളി സൈനികൻ വൈശാഖ് ഉൾപ്പെടെയുള്ളവർക്ക് സൈന്യം ആദരാഞ്ജലികൾ അർപ്പിച്ചു. രജൗരിയിൽ നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡൽഹിയിലെ ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ നിന്നാണ് ഒരു പാക് ഭീകരനെ സെപ്ഷ്യൽ സെൽ പിടികൂടിയത്. പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. ഇന്ത്യൻ പൗരനാണെന്ന വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാൾ താമസിച്ചിരുന്നത്. എ.കെ. 47 തോക്കും ഒരു ഹാൻഡ് ഗ്രനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ജമ്മു കശ്നീരിലെ പതിനാറ് ഇടങ്ങളിൽ ഭീകരരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നുണ്ട്. അതേ സമയം മാവോയിസ്റ്റുകൾക്കും ഭീകരർക്കും മയക്കുമരുന്നു സംഘങ്ങൾക്കുമായി രാജ്യത്തെ അമ്പതിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി . എൻഐഎയുടെ ചൊവ്വാഴ്ച പുലർച്ചെ മുതൽ തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ മാവോയിസ്റ്റ് പരിശീലന കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും തിരച്ചിൽ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
യുവാക്കളെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടി നടന്നെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്. ലഘുലേഖകൾക്കു പുറമേ പരിശീലന വീഡിയോകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു.
തമിഴ്നാട്ടിൽ കൃഷ്ണഗിരി, സേലം, കോയമ്പത്തൂർ, തേനി, ശിവഗംഗ ജില്ലകൾ ഉൾപ്പെടെ 12 സ്ഥലങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. കർണാടകയിലെയും കേരളത്തിലെയും ആറോളം സ്ഥലങ്ങളിലും എൻഐഎ തിരച്ചിൽ നടത്തി. മൂന്ന് സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി പരിശീലന കേന്ദ്രങ്ങൾ നിലവിലുണ്ടെന്ന് നേരത്തെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളിൽ ഒരാൾ നൽകിയ വിവരത്തെ തുടർന്നാണ് റെയ്ഡ്.
ദക്ഷിണേന്ത്യയിൽ ആയുധ പോരാട്ടം തുടരാൻ മാവോയിസ്റ്റുകൾ പശ്ചിമഘട്ട സ്പെഷ്യൽ സോണൽ കമ്മിറ്റി രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും തമിഴ്നാട് പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ കോംബിങ് ഓപ്പറേഷിൽ മാവോയിസ്റ്റ് നേതാവ് അറസ്റ്റിലായോതെ ശ്രമം വിജയം കണ്ടില്ല.
ഗുജറാത്തിലെ മുദ്ര തുറമുഖത്തിൽ നിന്ന്ഹെറോയിൻ പിടികൂടിയ കേസിലാണ് ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പരിശോധന. പരിശോധനയുടെ മറ്റു വിവരങ്ങൾ എൻഐഎ പുറത്ത് വിട്ടില്ല.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ലെന്നും എന്തുവിലകൊടുത്തും ജമ്മുകശ്മീരിലെ ഭീകരരെ ഇല്ലാതാക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായതിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനികരുടെ ബലിദാനം വ്യർത്ഥമാകില്ല. ഭീകര പ്രവർത്തനങ്ങൾക്കെതിരെ കർശ്ശന നടപടി കൈക്കൊള്ളും. ഇതിന് ശക്തമായ തിരിച്ചടി സൈന്യം നൽകും. തിങ്കളാഴ്ച രജൗറിയിലെ വനമേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് ഒരു ജൂനിയർ കമ്മീഷന്റ് ഓഫീസറടക്കം അഞ്ച് സൈനികർ വീരമൃത്യുവരിച്ചത്.
നുഴഞ്ഞു കയറ്റത്തിനെതിരെ ശക്തമായ റെയ്ഡുകൾ തുടരുന്നതിനിടെയാണ് സൈനികർ വധിക്കപ്പെട്ടത്. ജമ്മുകശ്മീരിലെ ജനജീവിതം തികച്ചും സമാധാനപരമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഇത് സഹിക്കാൻ പറ്റാത്തവരാണ് ഭീകരാക്രമണം നടത്തുന്നത്. അവരെ സഹായിക്കുന്നവരാണ് കേന്ദ്രസർക്കാറിനെ വിമർശിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
ജമ്മുകശ്മീരിലെ ജനങ്ങൾ ഒറ്റക്കെട്ടാണ്. മുൻകാലങ്ങളിലെ പോലെ ജനങ്ങളെ വിഭജിക്കാമെന്ന മോഹം ആർക്കും വേണ്ടെന്നും അനുരാഗ് പറഞ്ഞു. ജമ്മുകശ്മീർ വികസനത്തിന്റെ പാതയിലാണ്. ഭീകരത എന്താണെന്നും ആരാണ് ഭീകരരെ വളർത്തുന്നതെന്നും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിർത്തി സംരക്ഷിക്കുന്ന സൈനികർക്ക് ജനങ്ങളുടേയും രാജ്യത്തിന്റേയും പൂർണ്ണപിന്തുണയുണ്ടെന്നും അനുരാഗ് കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്