ദുബായ്: ഇന്ത്യൻ പ്രവാസി വ്യവസായികളിൽ മുൻനിരയിലുള്ള ഫിറോസ് മർച്ചന്റ് എന്ന കോടീശ്വരൻ വിദേശത്ത് തടവിലാകുന്ന ഇന്ത്യക്കാരെ രക്ഷിച്ച് റിട്ടേൺ ടിക്കറ്റെടുത്ത് തിരിച്ചയക്കാൻ ഒരു വർഷം മുടക്കിയത് 1,30,790 ഡോളർ (ഏകദേശം 85 ലക്ഷം രൂപ). പ്യുർ ഗോൾഡ് ജൂവലേഴ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ് ഫിറോസ് മർച്ചന്റ്.

രാജ്യത്തെത്തുന്ന പ്രവാസികളെ സഹായിക്കുന്ന ഫരാജ് ഫണ്ട് എന്ന ചാരിറ്റി സ്ഥാപനവുമായി ചേർന്നാണ് ഫിറോസ് ഇത്തരത്തിൽ ജയിൽ മോചിതരായി നാട്ടിലേക്ക് തിരിക്കാൻ പറ്റാതെ വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നത്. മോചിതരായ തടവുകാരെ നാട്ടിലേക്കെത്തിക്കാനുള്ള വിമാന ടിക്കറ്റ് ഇനത്തിലാണ് ഇത്രയും തുക ഈ വ്യവസായി ചെലവഴിച്ചത്.

രാജ്യത്ത് ജയിൽ മോചിതരായശേഷം പലരും തിരിച്ചുപോകാൻ വിഷമിക്കുന്ന സാഹചര്യമുണ്ടെന്ന് കണ്ടാണ് ഫരാജ് ഫണ്ട് ഇത്തരത്തിൽ ഒരു സേവനം തുടങ്ങിയത്. മാസം 40,000 ദിർഹം ഇത്തരത്തിൽ ജയിൽ മോചിതരായവർക്കുവേണ്ടി മാറ്റിവയ്ക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇവർ നൽകുന്ന ലിസ്റ്റനുസരിച്ചാണ് തുക അനുവദിക്കുന്നത്.

മുംബൈയിൽ നിന്നുള്ള വ്യവസായിയാണ് ഫിറോസ് മർച്ചന്റ്. കടബാധ്യതമൂലവും മറ്റും ജയിലിലാകുന്നവരെ രക്ഷിക്കാനും ഇദ്ദേഹം മുൻനിരയിലുണ്ട്. ഇത്തരത്തിൽ ജയിലിൽ അകപ്പെട്ട 132പേരെ 1,50,000 ദിർഹം നൽകി ഫിറോസ് രക്ഷിക്കുകയും ചെയ്തു. ദുബായിലെ പരിസ്ഥിതികൾമൂലം കടക്കെണിയിൽ പെടുന്ന നിരവധി പേർ ഉണ്ടെന്നും അവരൊന്നും യഥാർത്ഥത്തിൽ കുറ്റവാളികളല്ലെന്നും ഫിറോസ് പറയുന്നു. ഇത്തരത്തിൽ ഫിറോസ് ചെയ്യുന്ന സേവനങ്ങൾ പരക്കെ അഭിനന്ദിക്കപ്പെടുകയാണിപ്പോൾ.

തടവുകാർക്ക് മാത്രമല്ല, പൊലീസുകാർക്കുമുണ്ട് ഫിറോസിന്റെ വക സേവനങ്ങൾ. ഒരു പൊലീസുകാരന്റെ അക്യുപങ്ചർ ചികിത്സയ്ക്കായി 60,000 ദിർഹം നൽകിയതും ശ്രദ്ധനേടിയിരുന്നു. സ്‌നേഹത്തിന്റേയും വിശുദ്ധിയുടേയും വേളകളിൽ ഇത്തരത്തിൽ വലിയ കുറ്റങ്ങൾകൊണ്ടല്ലാതെ അകപ്പെടുന്ന തടവുകാരെയും സമൂഹത്തെ രക്ഷിക്കാനായി പാടുപെടുന്ന പൊലീസുകാരെയും സഹായിക്കുന്നത് തനിക്ക് ആനന്ദം നൽകുമെന്ന് ഫിറോസ് മർച്ചന്റ് പറയുന്നു.