വായിൽ കാൻസർ ബാധിച്ച 41-കാരന് ത്രിഡി പ്രിന്ററിലൂടെ പുതിയ സെറ്റ് പല്ലുകൾ വച്ചുനൽകി ഇന്ത്യൻ ഡോക്ടർമാർ ചരിത്രം കുറിച്ചു. ബാംഗ്ലൂരിൽനിന്നുള്ള അർബുദ രോഗിക്കാാണ് ബാംഗ്ലൂർ കേന്ദ്രമാക്കിയുള്ള ഒസ്റ്റിയോ3ഡി എന്ന സ്ഥാപനത്തിലെ വിദഗ്ദ്ധർ സാധാരണ ജീവിതം മടക്കി നൽകിയത്.

വദനാർബുദം ബാധിച്ച യുവാവിന് ശസ്ത്രക്രിയയെത്തുടർന്ന് മേൽത്താടി പൂർണമായി നീക്കം ചെയ്യേണ്ടി വന്നിരുന്നു. റേഡിയേഷൻ ചികിത്സകൂടി വേണ്ടിവന്നതോടെ, കൂടുതൽ കുഴപ്പങ്ങൾ അനുഭവപ്പെട്ടു. ഇതോടെ ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടായി. പല്ലുകൾക്കിടയിൽ വലിയ വിടവ് വന്നത് മുഖത്തിന്റെ സ്വാഭാവികതയും നഷ്ടമാക്കി. ഇതേത്തുടർന്ന് മറ്റുള്ളവരെ അഭിമുഖീകരിക്കാനും ഇയാൾക്ക് മടിയായിരുന്നു.

കൃത്രിമ പല്ലുകൾ നിർമ്മിക്കാൻ ദന്ത ഡോക്ടർമാർക്കും കഴിയാത്തത്ര നിലയിലായിരുന്നു ഇയാളുടെ മേൽത്താടി. വായ തുറക്കാൻ പോലുമാവാത്ത സ്ഥിതിയിൽ ജീവിച്ച യുവാവിനെ ഒസ്റ്റിയോ ത്രിഡിയിലെ വിഗദ്ധർ രക്ഷിച്ചു. ത്രിഡി പ്രിന്റർ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമ പല്ലുകൾ സൃഷ്ടിച്ചതോടെ, മുഖത്തിന്റെ സ്വാഭാവികത തിരികെക്കിട്ടി. ത്രിഡി പ്രിന്ററിലൂടെ പല്ലുകളുടെയും നീക്കം ചെയ്ത മേൽത്താടിയുടെയും മാതൃക സൃഷ്ടിച്ചാണ് ഇത് സാധ്യമാക്കിയത്.

മുഖത്തിന്റെ സ്വാഭാവികത തെല്ലും നഷ്ടപ്പെടുത്താതെ സൃഷ്ടിച്ച കൃത്രിമ പല്ലുകളും മേൽത്താടിയും വായ അനായാസം തുറക്കാനും മുമ്പത്തേതുപോലെ സ്വാഭാവികമായി സംസാരിക്കാനും അവസരം നൽകി. പഴയതുപോലെ സംസാരിക്കാനും ഭക്ഷണം കഴിക്കാനും മാത്രമല്ല, മറ്റുള്ളവരെ അഭിമുഖീകരിക്കാനും സാധിച്ചതിലുള്ള സന്തോഷത്തിലാണ് ഈ യുവാവ്.