ഇറ്റലി: റവെന്ന ഇന്ത്യൻ കാത്തലിക് കമ്മ്യൂണിറ്റി ഇൻ എമിലിയ റൊമാജ്ഞ ഇറ്റലി (ICCERI) ക്രിസ്തുമസ്, പുതുവർഷം ആഘോഷിച്ചു.  ഫൊർലിം പോപോളിയിൽ സാൻ പീയെത്രോ പള്ളിയിൽ വച്ച് ഫാ തോമസ് വരകിലിന്റെ നേതൃത്വത്തിൽ ദിവ്യബലിയോടെയാണ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചത്. ഫാ. ലിറ്റോ, ഫാ. ഡോൺ ആൽദൊ  എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഫാ. ലിറ്റോ ക്രിസ്തുമസ് സന്ദേശം നൽകി.
വർണപ്പകിട്ടാർന്ന കലാപരിപാടികൾക്ക് ഫാ. തോമസ് വരകിൽ തിരി തെളിച്ചു. ജിപ്‌സ ജോയ് മാത്തൂർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. വ്യത്യസ്തമായ കലാപരിപാടികൾ മുതിർന്നവരുടേയും കുട്ടികളുടേയും കണ്ണിനും, മനസ്സിനും കുളിർമ പകർന്നു.

എമിലിയ റൊമാജ്ഞയിൽ താമസിക്കുന്ന നൂറുകണക്കിന് മലയാളികൾ, നിരവധി മലയാളി സന്യാസിനികൾ ആഘോഷത്തിൽ സന്നിഹിതരായിരുന്നു. കമ്മറ്റി അംഗങ്ങളായ ജോമോൻ പൂവേലിൽ, സജി വെഴപ്പറമ്പിൽ, സജി മുണ്ടത്താനത്ത്, ബിജു ഐപ്പാടൻ, ജോമോൻ പുത്തൻപുരയ്ക്കൽ, സാൽവി കണിയാർതൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപരിപാടികൾ ഒരുക്കിയത്. ജാൻസി ജോസിന്റെ നേതൃത്വത്തിൽ ഒരുക്കിയ സദ്യസൽക്കാരത്തോടെ ഈ ആഘോഷങ്ങൾ പര്യവസാനിച്ചു.