ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മേഘാലയത്തിലെ ഷില്ലോങ്ങിൽ നിന്നുള്ള ലോകസഭാംഗവുമായ വിൻസന്റ് എച്ച് പാല എംപിയെ  ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി നാഷണൽ കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ (കേരളം) ആണ് സെക്രട്ടറി ജനറൽ. ലയൺ സി ഫ്രാൻസീസ് (തെലുങ്കാന) വൈസ് പ്രസിഡന്റ്, ഡൽഹി സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ.എബ്രഹാം പറ്റിയാനി, മരിയ ഫെർണാണ്ടസ് (കർണ്ണാടകം), എൽസാ ഡിക്രൂസ് (മഹാരാഷ്ട്രാ) എന്നിവർ സെക്രട്ടറിമാരും, സിറിൾ സഞ്ജു ജോർജ്ജ് (ഡൽഹി) നാഷണൽ കോർഡിനേറ്ററും, ഡേവീസ് ഇടക്കളത്തൂർ (ഖത്തർ) ഇന്റർനാഷണൽ കോർഡിനേറ്ററുമാണ്.

ഇന്ത്യയിലെ ക്രൈസ്തവ സഭാവിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടുന്ന ദേശീയ ഉപദേശക സമിതിക്കും വിവിധ ക്രൈസ്തവ സംഘടനകളുടെ പ്രതിനിധികളടങ്ങുന്ന 101 അംഗ ദേശീയ നിർവാഹക സമിതിക്കും നാഷണൽ കൗൺസിൽ രൂപം കൊടുത്തു. കേരളത്തിൽ നിന്ന് മുൻ ദേശീയ ന്യൂനപക്ഷ കമ്മീഷനംഗം വി.വി.അഗസ്റ്റിൻ, മുൻ കെസിബിസി അല്മായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ, സംസ്ഥാന വനിതാ കമ്മീഷൻ മെമ്പർ ഡോ.ലിസി ജോസ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ സെക്രട്ടറി അൽഫോൻസ് പെരേര എന്നിവരുൾപ്പെടെ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ കേന്ദ്ര സമിതിയിലുണ്ട്. ഭാരവാഹികൾ സെക്കന്ദരാബാദിൽ നവംബർ അവസാനവാരം ചേരുന്ന ചടങ്ങിൽ സ്ഥാനമേൽക്കും.

പാരമ്പര്യ പൈതൃകങ്ങളിലും, ആരാധനക്രമങ്ങളിലും വ്യത്യസ്തത നിലനിൽക്കുമ്പോഴും ഇന്ത്യയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെ പൊതുവേദിയാണ് ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി നാഷണൽ കൗൺസിൽ. വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ ക്രൈസ്തവ പ്രസ്ഥാനങ്ങൾക്ക് ഐസിസി നാഷണൽ കൗൺസിലിൽ അഫിലിയേഷനുണ്ട് ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ ക്രൈസ്തവസമൂഹം വെല്ലുവിളികളേയും പ്രതിസന്ധികളേയും നേരിടുമ്പോൾ ഇന്ത്യയിലെ വിവിധ ക്രൈസ്തവസമൂദായാംഗങ്ങളുടെ ഐക്യവും കൂട്ടായ പ്രവർത്തനവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനുള്ള വേദിയാണ് ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗൺസിലെന്നും നാഷണൽ കോർഡിനേറ്റർ സിറിൾ സഞ്ജു ജോർജ്ജ് ഡൽഹിയിൽ പറഞ്ഞു.