മനാമ: ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) നേതൃത്വത്തിൽ നടന്ന ചിത്രരചനാമത്സരത്തിൽ (സ്‌പെക്ട്ര- 2016) നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. പരിപാടി എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ ഉദ്ഘാടനം ചെയ്തു.

ഐ.സി.ആർ.എഫ് ചെയർമാൻ ഭഗവാൻ അസർപോട്ട, ജനറൽ സെക്രട്ടറി അരുൾദാസ് തോമസ്, 'സ്‌പെക്ട്ര' കൺവീനർ യു.കെ.മേനോൻ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ജോ.കൺവീനർ റോസലിൻ റോയ്, ഫാബർ കാസിൽ ജനറൽ മാനേജർ സഞ്ജയ് ഭാൻ, ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി ഷെംലി പി.ജോൺ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജന.സെക്രട്ടറി എൻ.കെ. വീരമണി, സുബൈർ കണ്ണൂർ, സുധീർ തിരുനിലത്ത്, അജയകൃഷ്ണൻ, കെ. ടി. സലിം തുടങ്ങിയവർ സംബന്ധിച്ചു. ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള 1300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

അതാത് സ്‌കൂളുകളിൽ നടന്ന ആദ്യഘട്ട മത്സരത്തിൽ വിജയിച്ചവരാണ് ഇതിലത്തെിയത്. 2009 മുതലാണ് ഐ.സി.ആർ.എഫ് ചിത്രരചനാ മത്സരം നടത്തി തുടങ്ങിയത്. നിരവധി വളണ്ടിയർമാരുടെ അക്ഷീണ പ്രയത്‌നം പരിപാടിയെ വൻ വിജയമാക്കി.

ബഹ്‌റൈനിലെ 25ഓളം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരച്ച 'സ്‌പെക്ട്ര' ഇവിടുത്തെ ഏറ്റവും വലിയ ചിത്ര കലാമേളയാണ്. പ്രായമനുസരിച്ച് അഞ്ചുമുതൽ എട്ടുവരെ, ഒമ്പതു മുതൽ 11വരെ, 12 മുതൽ 13 വരെ, 14 മുതൽ 18 വരെ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടന്നത്. നവംബർ 26ന് കേരളീയ സമാജത്തിൽ നടക്കുന്ന ഫിനാലെയിൽ മത്സര വിജയികളെ പ്രഖ്യാപിക്കും. മികച്ച രചനകൾ ഫിനാലെയിൽ പ്രകാശനം ചെയ്യുന്ന കലണ്ടറിൽ ഉൾപ്പെടുത്തും. പരിപാടിയിൽ നിന്നുള്ള വരുമാനം ദാരിദ്ര്യമനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.