ദോഹ: ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ എന്ന ആശയത്തോട് ഖത്തർ വിദ്യഭ്യാസ വകുപ്പ് അനുകൂലമാണെന്ന്, ഈ ആശയവുമായി ഗവൺമെന്റിനെ സമീപിച്ച മാദ്ധ്യമപ്രവർത്തകൻ ജോസഫ് വർഗീസും ഐ.സി.സി പ്രസിഡന്റ് ഗിരീഷ് കുമാറും പറഞ്ഞു.

2014-ൽ പ്രവേശന പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് കമ്യൂണിറ്റി സ്‌കൂൾ എന്ന ആശയവുമായി അധികൃതരെ സമീപിച്ചതെന്ന് ഐ.സി.സി പ്രസിഡന്റ് ഗിരീഷ്‌കുമാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രാലയത്തിന് ഇപ്പോഴും അനുകൂലനിലപാടാണെന്നാണ് മനസിലാക്കുന്നത്. ഇന്ത്യൻ എംബസിയിൽ നിന്ന് കത്തുകൊണ്ടുവരണമെന്നാണ് അന്ന് കൗൺസിലിൽ നിന്ന് ആവശ്യപ്പെട്ടത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളെയും ഐ.സി.സി, ഐ.ബി.പി.എൻ, ഐ.സി.ബി.എഫ് പ്രതിനിധികളെയും ഉൾപ്പെടുത്തി 14 പേരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റി രൂപവൽകരിച്ച് ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു.

ഇന്ത്യൻ അംബാസഡറോട് ഇക്കാര്യം ചർച്ച ചെയ്തപ്പോൾ അദ്ദേഹം അനുകൂലനിലപാട് അറിയിക്കുകയും ചെയ്തു. എംബസിയിലെ വിദ്യഭ്യാസ വിഭാഗത്തെ തുടർ കാര്യങ്ങൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. സ്‌കൂളിന്റെ ഫണ്ടിങ് കമ്യൂണിറ്റി അംഗങ്ങൾ സമാഹരിക്കാമെന്നും ഇന്ത്യയിൽ നിന്നുള്ള സ്‌കൂൾ മാനേജ്‌മെന്റിനെകൊണ്ട് നടത്തിക്കാം, അംബാസഡറെ രക്ഷാധികാരിയാക്കാം എന്നതുൾപ്പടെയുള്ള കാര്യങ്ങളെല്ലാം ചർച്ച ചെയ്തിരുന്നു.
എന്നാൽ എംബസിയിൽ നിന്ന് കത്ത് ലഭിക്കണമെങ്കിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ നിന്നുള്ള അനുമതി വേണം. അതത്ര എളുപ്പത്തിൽ സാധിക്കില്ല. രണ്ടു സർക്കാറുകൾ തമ്മിലുള്ള കാര്യമായതിനാൽ എല്ലാ വശങ്ങളും പരിശോധിച്ച് ശേഷമേ നടപടിയുണ്ടാകു. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് മേൽ ശക്തമായ സമ്മർദമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിറ്റി സ്‌കൂൾ വേണമെന്ന ആവശ്യവുമായി 2014 ഡിസംബറിൽ അന്നത്തെ സുപ്രീം വിദ്യാഭ്യാസ കൗൺസിലിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറെ നേരിട്ട് കണ്ടിരുന്നതായി ജോസഫ് വർഗീസും പറഞ്ഞു. 3,000 മുതൽ 4,000 വിദ്യാർത്ഥികളെ ഉൾക്കൊള്ളാവുന്ന വിധത്തിൽ കമ്യൂണിറ്റി സ്‌കൂൾ ആരംഭിക്കുന്നതിന് സൗജന്യമായി കെട്ടിടവും വെള്ളവും വൈദ്യുതിയും മറ്റു സൗകര്യങ്ങളും ലഭ്യമാക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, രണ്ട് രാജ്യങ്ങളിലെയും സർക്കാറുകൾ തമ്മിൽ ഉഭയകക്ഷിതലത്തിൽ കാര്യങ്ങൾ നീക്കിയാലേ ഇത് യാഥാർഥ്യമാകൂ എന്നായിരുന്ന അവരുടെ നിലപാട്.

ആറ് മാസം മുമ്പ് നടത്തിയ കൂടിക്കാഴ്ചയിലും സാധ്യതകൾ തുറന്നുകിടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പക്ഷെ ആ പദ്ധതി ഇതുവരെ മുമ്പോട്ടുകൊണ്ടുപോകാനായില്ല. സർക്കാർ തലത്തിൽ ഇടപെടലുകളുണ്ടായാൽ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിശദീകരിച്ചു.