ഹരാരെ: ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായതായി റിപ്പോർട്ട്. സിംബാബ്‌വെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെയാണ് ബലാത്സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

ഇന്ത്യൻ ടീം അംഗങ്ങൾ താമിക്കുന്ന ഹരാരെയിലെ മൈക്കൽസ് ഹോട്ടലിൽ താമസിക്കുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. newzimbabwe.com എന്ന വാർത്താസൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മദ്യലഹരിയിലായിരുന്ന ടീം അംഗം ലോബിയിൽ നിൽക്കുയായിരുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് ആരോപണം. ഹരാരെ പൊലീസ് കമ്മീഷണർ ചാരിറ്റി ചാരംബ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ടീമിലെ കളിക്കാരനാണോ സപ്പോർട്ട് സ്റ്റാഫാണോ അറസ്റ്റിലായതെന്ന് ഇപ്പോൾ വ്യക്തമാക്കാനാവില്ലെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു.

ആരോപണവിധേയനായ ടീം അംഗത്തെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്‌നമായി വളരാൻ സാധ്യതയുള്ളതിനാൽ കരുതലോടെയാണ് സിംബാബ്വെ പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്. അറസ്റ്റ് ഒഴിവാക്കാനായി സിംബാബ്‌വെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഹോട്ടലിൽ എത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ഇന്ത്യൻ ടീമിലെ കളിക്കാരൻ തന്നെയാണോ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമായി പറയാൻ ഹരാരെ പൊലീസ് ഇതുവരെ തയാറായിട്ടില്ല. എന്നാൽ ഇന്ത്യൻ താരങ്ങളൊഴികെ വിദേശികളാരും ഈ ഹോട്ടലിൽ താമസിക്കുന്നില്ലെന്നും അറസ്റ്റിലായത് ഇന്ത്യക്കാരനാണെന്നും അവർ സ്ഥിരീകരിക്കുന്നുണ്ട്.

താരം ആരാണെന്നോ യഥാർത്ഥ സംഭവം എന്താണെന്നോ ഇതുവരെ വിശ്വസനീയ കേന്ദ്രങ്ങൾ പുറത്ത് വിട്ടിട്ടില്ല. സിംബാബ്‌വെയിലുള്ള ഇന്ത്യൻ അംബാസിഡറും ഉയർന്ന നയതന്ത്ര പ്രതിനിധികളും ഇടപെട്ട് താരത്തിന്റെ അറസ്റ്റ് തടയാനും സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ട് വരാനും ശ്രമം നടക്കുന്നതായും വാർത്തയിൽ പറയുന്നു. യുവതിയുമായി സംസാരിച്ച് പരാതി ഒത്തുതീർപ്പാക്കാനും ശ്രമം നടക്കുന്നുണ്ടത്രെ.