സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ക്രിക്കറ്റ് താരം യുവരാജ് സിങ് സഹാതാരങ്ങളെ ട്രോളുന്നതിൽ മുമ്പനാണ്. ശിഖർ ധവാന്റെ ചപ്പലിന്റെ ചിത്രമായാലും, പാർഥിവ് പട്ടേലിന്റെ കന്നിച്ചിത്രമായാലും യുവിയുടെ പരിഹാസം കുറിക്കുകൊള്ളുന്നവയായിരുന്നു. എന്നാൽ,ഇൻസ്റ്റാഗ്രാമിൽ, ഷർട്ടിടാതെ പ്രത്യക്ഷപ്പെട്ടതോടെ, ട്രോളുകൾ ഏറ്റുവാങ്ങാൻ യുവി വിധിക്കപ്പെട്ടിരിക്കുകയാണ്.

മൂഡ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ആരാധകരും സഹതാരങ്ങളും യുവിയെ ട്രോളി രംഗത്തെത്തി. ഹർഭജൻ സിംഗും രോഹിത് ശർമ്മയുമാണ് തകർപ്പൻ കമന്റുകളുമായി എത്തിയത്. ക്രിക്കറ്റില്ലെ 'സല്ലു ഭായ്' എന്നാണ് ഹർഭജൻ കമന്റിട്ടത്. എന്നാൽ രോഹിതിന്റെ കമന്റ് കുസൃതി നിറഞ്ഞതായിരുന്നു. എന്തിനുള്ള മൂഡാണെന്ന് വ്യക്തമാക്കണമെന്നാണ് രോഹിതിന്റെ കമന്റ്.

ഫിറ്റ്‌നസ് നിലനിർത്താൻ പാടുപെട്ടിരുന്ന യുവി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്. തന്റെ നിരവധി ഫിറ്റ്‌നസ് ചിത്രങ്ങളും, വീഡിയോകളുമാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത്.