ദോഹ. മാനവ ഐക്യവും സാമൂഹ്യ സൗഹാർദ്ധവും ഉദ്‌ഘോഷിച്ച് തെരഞ്ഞെടുത്ത ഗാനങ്ങൾ കോർത്തിണക്കി മീഡിയ പ്ലസും ഫ്രെയിം വൺ മീഡിയയും സംയുക്തമായി സംഘടിപ്പിച്ച വെൽക്കം 2016 എന്ന സംഗീത പരിപാടി ഇന്ത്യൻ കൾചറൽ സെന്ററിന്റെ അശോകാ ഹാളിൽ തിങ്ങി നിറഞ്ഞ സഹൃദയർക്ക് അവിസ്മരണീയമായ അനുഭവമായി. കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചോതിയ ഗാനങ്ങൾ മനുഷ്യ മനസുകളിൽ സ്‌നേഹത്തിന്റേയും സൗഹാർദ്ധത്തിന്റേയും സന്ദേശങ്ങൾ വിരിയിച്ചപ്പോൾ നഷ്ടപ്പെട്ട ഒരുമയുടെ വീണ്ടെടുപ്പ് മാത്രമേ പ്രശ്‌നത്തിന് പരിഹാരമുള്ളൂവെന്ന് സദസ്സ് തിരിച്ചറിഞ്ഞു. സംഗീതം മനസുകളെ തരളിതമാക്കുകയും മാനവ സൗഹാർദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തപ്പോൾ കുഞ്ഞുണ്ണി മാഷിന്റെ അനശ്വരങ്ങളായ ഒന്നായാൽ നന്നായി, നന്നായാൽ ഒന്നായി എന്ന വരികൾ പുതുവൽസര പ്രതിജ്ഞയായി സദസ്സൊന്നടങ്കം ഏറ്റു പറഞ്ഞപ്പോൾ മതജാതി രാഷ്ട്രീയ ചിന്തകൾക്കപ്പുറം മാനവികതയുടേയും ഐക്യത്തിന്റേയും സന്ദേശമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന തിരിച്ചറിവാണ് ഏവരിലും ഉണ്ടായത്.

മീഡിയ പ്ലസ്‌ സിഇഒ. അമാനുല്ല വടക്കാങ്ങര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ലഹരിയുടെ ഇരുണ്ട ലോകത്തേക്ക് ഇഴഞ്ഞു കൊണ്ടല്ല നന്മയുടെ സന്ദേശം പ്രസരിപ്പിച്ചുകൊണ്ടാണ് പുതുവർഷത്തെ നാം വരവേൽക്കേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നാം മനുഷ്യർ നാമൊന്ന് എന്ന കാഴ്ചപ്പാടിലേക്ക് നാം മാറുമ്പോൾ ലോകത്ത് ശാന്തിയും സമാധാനവും കളിയാടുമെന്ന് സദസ്സ് പ്രത്യാശ പ്രകടിപ്പിച്ചു. സന്ദേശ പ്രധാനങ്ങളായ ഗാനങ്ങളോടൊപ്പം പ്രവാസത്തിന്റെ നൊമ്പരങ്ങളിൽ ചാലിച്ച ഗാനങ്ങളും ആഘോഷപ്പാട്ടുകളുമായപ്പോൾ സദസ്സൊന്നടങ്കം ആസ്വാദനത്തിന്റെ പാരമ്യതയിലെത്തി കയ്യടിച്ചും നൃത്തം ചവിട്ടിയും കലാകാരന്മാരെ പ്രോൽസാഹിപ്പിച്ചു.

1977 ൽ പുറത്തിറങ്ങിയ മിനിമോൾ എന്ന മലയാള ചലച്ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച് ജി.ദേവരാജൻ സംഗീതം പകർന്ന് ഡോ. കെ.ജെ.യേശുദാസ് പാടി അനശ്വരമാക്കിയ കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനത്തോടുകൂടിയാണ് മൂന്ന് മണിക്കൂർ നീണ്ട സംഗീത വിരുന്ന് തുടങ്ങിയത്. മലയാളി മനസ്സിൽ ഗൃഹാതുരത്വവും സാമൂഹ്യ സൗഹാർദ്ധത്തിന്റെ അലയൊലികളുമുയർത്തിയ ആ ഗാനം ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി സൗന്ദര്യവും പാരമ്പര്യവും സദസ്സിനെ ഓർമിപ്പിച്ചു. തുടർന്ന് വന്ന തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി ഉണരുന്ന നാട് എന്ന ഗാനം കേരളത്തിന്റെ മതേതര സൗഹാർദ്ധവും മൈത്രിയും അടിവരയിടുന്നതായിരുന്നു. മദ്യവും മയക്കുമരുന്നുകളും കൂടുംബ ബന്ധങ്ങളെ തകർക്കുകയും സ്ത്രീകളെ വഴിയാധാരമാക്കുകയും ചെയ്യുന്നതിനെതിരെയുള്ള നാടൻ പാട്ടുകൾ കുടുബബന്ധത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തി. ഇന്ത്യൻ മതേതരത്വത്തിന്റേയും ദേശീയതയുടേയും ഔന്നിത്യം ഉദ്‌ഘോഷിക്കുന്ന ദേശീയ ഗാനത്തോടെ സംഗീത വിരുന്നിന് തിരശ്ശീല വീണപ്പോൾ സംഗീത സായാഹ്നം സാർഥകമായ സന്തോഷത്തിലായിരുന്നു സംഘാടകരും സദസ്സും
സാമൂഹ്യ സൗഹാർദ്ധത്തിനായി സഹകരിച്ച് പ്രവർത്തിക്കുവാൻ എല്ലാവരും തയ്യാറാവണമെന്നും നാം ജീവിക്കുന്ന കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ കൾചറൽ പ്രസിഡണ്ട് കെ. ഗീരീഷ് കുമാർ പറഞ്ഞു.

കോർപറേറ്റ് സോഷ്യൽ റസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി പരിപാടിയുമായി സഹകരിച്ച മൻഹൽ ഗ്രൂപ്പ്, ഖത്തർ ഏഷ്യാ ഡവലപ്‌മെന്റ്, ഫയർ ഫ്‌ളോ ടെക്‌നിക്കൽ സർവീസസ് ആൻഡ് ട്രേഡിങ്, സ്റ്റാർ കാർ ആക്‌സസറീസ് എന്നിവർക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. മൻഹൽ ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ റബീൽ റഹ്മാൻ, ഖത്തർ ഏഷ്യാ ഡവലപ്‌മെന്റ് സിഇഒ. സിപിഎ. ജലീൽ, ഫയർ ഫ്‌ളോ ടെക്‌നിക്കൽ സർവീസസ് ആൻഡ് ട്രേഡിങ്, മാനേജിങ് ഡയറക്ടർ ഒ.സജീവ്, സ്റ്റാർ കാർ ആക്‌സസറീസ് മാനേജിങ് ഡയറക്ടർ നിയമത്തുല്ല കോട്ടക്കൽ എന്നിവർ ഉപഹാരം സ്വീകരിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, ദോഹാ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഷീലാ ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫ്രയിം വൺ മീഡിയ മാനേജർ ഇ.പി. ബിജോയ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്പീഡ്‌ലൈൻ പ്രിന്റിങ് പ്രസ്സ് മാനേജിങ് ഡയറക്ടർ ഉസ്മാൻ മുഹമ്മദ്, ബ്രാഡ്മ ഗ്രൂപ്പ് ചെയർമാൻ കെ. എൽ. ഹാഷിം, മീഡിയ പഌ് മാർക്കറ്റിങ് കോർഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കേരളത്തിനകത്തും പുറത്തും നിരവധി സ്‌റ്റേജ് ഷോകളിലൂടെ ആസ്വാദകർക്ക് പ്രിയങ്കരരായ സജില സലീം, മൻസൂർ, ദോഹയിലെ ഗായക നിരയിൽ നിന്നും മുഹമ്മദലി വടകര, ഷക്കീർ പാവറട്ടി, വിനോദ്, ഹാദിയ സക്കരിയ്യ, നൗഷി എന്നിവരാണ് തെരഞ്ഞെടുത്ത ഗാനങ്ങളിലൂടെ സംഗീത നിശ അവിസ്മരണീയമാക്കിയത്. ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്. ടി, അഫ്‌സൽ കിളയിൽ, സൈദ് അലവി അണ്ടേക്കാട്, സിയാഹുറഹ്മാൻ മങ്കട, ഷബീറലി കൂട്ടിൽ, കാജാ ഹുസ്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി