കാഠ്മണ്ഡു: ഇന്ത്യൻ കറൻസികൾക്ക് നേപ്പാളിൽ നിരോധനമേർപ്പെടുത്താൻ പോകുന്നുവെന്ന വാർത്ത രാജ്യത്തെ അൽപം ആശങ്കയിൽ ആഴ്‌ത്തിയിരിക്കുകയാണ്. ഉയർന്ന മൂല്യമുള്ള നോട്ടുകൾക്കാണ് നേപ്പാളിൽ നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

നേപ്പാൾ മാധ്യമമായ കാഠ്മണ്ഡു പോസ്റ്റിൽ വന്ന റിപ്പോർട്ട് പ്രകാരം നൂറു രൂപയ്ക്ക് മുകളിലുള്ള നോട്ടുകൾക്കാണ് നിരോധനമെന്നാണ് വിവരം. 2000, 500, 200 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ നേപ്പാളിൽ നിയമവിധേയമല്ലാത്തതിനാൽ ഇവ ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും ഒഴിവാക്കണമെന്ന് സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നേപ്പാൾ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ഗോകുൽ പ്രസാദ് ബസ്‌കോട്ടയെ ഉദ്ധരിച്ചാണ് കാഠ്മണ്ഡു പോസ്റ്റിന്റെ റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെയും ഇന്ത്യയിൽ ജോലിചെയ്യുന്ന നേപ്പാൾ പൗരന്മാരെയും നടപടി ബാധിക്കും.