തിരുവനന്തപുരം: മോഹൻലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദ കംപ്ലീറ്റ് ആക്ടർ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനെതിരെ പാക് സൈറ്റുകൾക്ക് നേരെ മലയാളികൾ നടത്തുന്ന ആക്രമണം തുടരുന്നു. www.pepco.gov.pk എന്ന വെബ്‌സൈറ്റിന് നേരെ ഇപ്പോൾ മോഹൻലാലിന്റെ ചിത്രം ഉപയോഗിച്ചും ആക്രമണം നടക്കുകയാണ്.

സൈബർ ഇന്ത്യൻ ഹാക്കേഴ്‌സ് എന്ന് പരിചയപ്പെടുത്തുന്ന ഹാക്കർമാരാണ് ആക്രമണത്തിന് പിന്നിൽ. കൂടാതെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും പാക്ക് റെയിലിന്റെ സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ഒരു ലിങ്കിൽ കയറിയാൽ http://www.pepco.gov.pk/PMH/lol.html എന്ന ലിങ്കിലാണ് എത്തിച്ചേരുന്നത്. അതിൽ ലാലേട്ടന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് മറുപടിയാണ് ഇതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സൈറ്റിലെത്തുമ്പോൾ കാണുന്നത് മോഹൻലാലിന്റെ സ്ഫടികം എന്ന ചിത്രത്തിലോ ഫോട്ടോയാണ്. ഫോട്ടോയോടൊപ്പം നരസിംഹത്തിലെ 'നീ പോ മോനേ ദിനേശാ' എന്ന പഞ്ച് ഡയലോഗ് ഇംഗ്ലീഷ് ലിപിയിൽ മലയാളത്തിൽ എഴുതിയിരിക്കുന്നു. എന്നാൽ വെബ്‌സൈറ്റ് ഹോമിലെത്തിയാൽ സൈറ്റ് നിർമ്മാണത്തിലാണെന്ന സന്ദേശമാണ് ലഭിക്കുന്നത്.

മോഹൻലാലിന്റെ ദ കംപ്ലീറ്റ് ആക്ടർ എന്ന ബ്ലോഗ് ചൊവ്വാഴ്ച രാവിലെയാണ് ടീം സൈബർ വാരിയേഴ്‌സ് എന്ന പേരിലുള്ള ഹാക്കർമാർ ഹാക്ക് ചെയ്തത്. സൈറ്റിൽ പാക്കിസ്ഥാൻ പതാകയും, കാശ്മീർ സ്വതന്ത്രമാക്കണം എന്ന സന്ദേശവും ഉൾപ്പെടുത്തിയിരുന്നു. പിന്നീട് സൈറ്റ് തിരികെ പിടിച്ചെങ്കിലും തന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് അന്വേഷിക്കണമെന്ന് മോഹൻലാൽ ഡിജിപിക്ക് പരാതി നൽകി. സൈബർസെൽ എസ്‌പി ഇതേക്കുറിച്ച് അന്വേഷണം നടത്തുകയാണ്.