സിംഗപ്പൂർ: മരുന്ന് തെറ്റായ രീതിയിൽ രോഗിക്ക് കുത്തിവച്ച സംഭവത്തിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് പിഴ ശിക്ഷ. 2012 ഡിസംബറിൽ സിംഗപ്പൂർ ജനറൽ ഹോസ്പിറ്റലിൽ വച്ചുണ്ടായ സംഭവത്തിലാണ് 32കാരിയായ  ഡോ. കരുണമൂർത്തി കവിതയ്ക്ക് 2000 സിംഗപ്പൂർ ഡോളർ പിഴയടയ്‌ക്കേണ്ടി വന്നത്.

ഒരു രോഗിക്ക് കീമോ തെറാപ്പി മരുന്ന് ഞരമ്പിൽ കുത്തിവയ്ക്കുന്നതിന് പകരം നട്ടെല്ലിൽ കുത്തിവച്ചുവെന്നതാണ് ഡോ.കവിതയുടെ മേലുള്ള കുറ്റം. ഇത്തരത്തിൽ തെറ്റായ രീതിയിൽ മരുന്ന് കുത്തിവച്ചതു മൂലം രോഗിയുടെ നാഡീവ്യൂഹത്തിന് സാരമായ കേടുസംഭവിച്ചേക്കാമെന്ന് കോടതി വിലയിരുത്തി. എന്നാൽ തെറ്റ് ഉടൻ തന്നെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡോ. കവിത സീനിയർ ഡോക്ടർമാരെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. അബദ്ധത്തിൽ തെറ്റു സംഭവിച്ചുവെങ്കിലും ഇതു മറച്ചുവയ്ക്കാതെ ഉടൻ തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധികൃതരെ അറിയിച്ച ഡോ. കവിതയുടെ നടപടി കോടതി എടുത്തു പറഞ്ഞു.

സംഭവം നടക്കുമ്പോൾ ഡോ. കവിത സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായിരുന്നു. സംഭവത്തിൽ ഡോ.കവിത കുറ്റക്കാരിയാണെന്ന് ഏപ്രിലിൽ കണ്ടെത്തിയിരുന്നു.