ജിദ്ദ: ഗാർഹിക തൊഴിലാളികൾക്ക് ബാങ്ക് ഗ്യാരന്റിയും മറ്റും വേണമെന്നുള്ള ഇന്ത്യൻ എംബസിയുടെ നിബന്ധന സൗദിയിൽ ഇന്ത്യക്കാരായ വീട്ടുജോലിക്കാരുടെ ആകർഷണീയത കുറയ്ക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് എംപ്ലോയർ ബാങ്ക് ഗ്യാരന്റി നൽകണമെന്ന് മൂന്നു മാസം മുമ്പാണ് എംബസി നിബന്ധന ഏർപ്പെടുത്തിയത്. അതിനു ശേഷം എംബസിക്ക് ഇതുവരെ ഡൊമസ്റ്റിക് വർക്കർമാരെ നിയമിക്കുന്നതിനുള്ള കരാറുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ  2500 റിയാൽ എന്ന ബാങ്ക് ഗ്യാരന്റിയാണ് വിനയായിരിക്കുന്നത്. സൗദിയിൽ ഡൊമസ്റ്റിക് വർക്കർമാരുടെ ജീവിതം സുരക്ഷിതമാക്കാൻ സർക്കാർ കൊണ്ടുവന്ന ഈ വ്യവസ്ഥയോട് എംപ്ലോയർമാർക്ക് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. ബാങ്ക് ഗ്യാരന്റി കൂടാതെ മാസശമ്പളം 1500 റിയാൽ വരെയുള്ളതും ഇന്ത്യക്കാരായ വീട്ടുജോലിക്കാരെ നിയമിക്കുന്നതിൽ നിന്നും സ്വദേശികളെ പിന്തിരിപ്പിക്കുകയാണ്.

ബാങ്ക് ഗ്യാരന്റി സംവിധാനം റദ്ദാക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ ബി എസ് മുബാറക്ക് നേരത്തെ വ്യക്തമാക്കുകയും ചെയ്തതോടെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വീട്ടുവേലയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഏറെ കുറവാണ് അനുഭവപ്പെട്ടുവരുന്നത്.

അതേസമയം സൗദിയിലേക്ക് ഇന്ത്യൻ വീട്ടുജോലിക്കാരെ നിയമിക്കുന്നതിൽ വന്നിരിക്കുന്ന കുറവും സർക്കാർ ഏർപ്പെടുത്തിയ ബാങ്ക് ഗ്യാരന്റിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കുന്നു. സൗദിയിലേക്ക് ഇന്ത്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്നതിൽ ഏജൻസികൾ വരുത്തുന്ന പിഴവാണ് ഇതിനു കാരണമെന്നും സൗദി കുടുംബങ്ങൾക്ക് ആവശ്യമുള്ള പ്രായത്തിലുള്ള വീട്ടുജോലിക്കാരെ നൽകാൻ ഏജൻസികൾക്ക് കഴിയുന്നില്ലെന്നും ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി റിക്രൂട്ട്‌മെന്റ് കമ്മിറ്റി യേഹ്യാ മക്‌ബൂൽ വെളിപ്പെടുത്തി.