ബ്രിസ്‌ബേൻ: ഇന്ത്യൻ വംശജനായ ബസ് ഡ്രൈവറെ യാത്രക്കാരുടെ മുന്നിൽ വച്ച് ചുട്ടുകൊന്ന സംഭവത്തിൽ വംശീയ വിദേഷമോ ഭീകരാക്രമണ സാധ്യതയോ ഇല്ലെന്ന് പൊലീസ്. എന്നാൽ സംഭവത്തിൽ വംശീയ വിദേഷമാണ് കാരണെന്ന് ഭയന്നിരിക്കുകയാണ് മന്മീതിന്റെ കുടുംബം. മികച്ച ഗായകനും ഓസ്‌ട്രേലിയയിലെ പഞ്ചാബി സമൂഹത്തിലെ താരവുമായിരുന്ന ഇരുപത്തെട്ടുകാരനായ മന്മീത് അലീഷറാണ് യാത്രക്കാരുമായി പോകവേ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല്പത്തെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യാത്രക്കാരുമായി പോകുമ്പോഴായിരുന്നു മന്മീതിനെതിരേ ആക്രമണമുണ്ടാകുന്നത്. തീഗോളം പോലെയുള്ള വസ്തു എറിഞ്ഞാണ് മന്മീതിനെ കൊലപ്പെടുത്തിയത്. ബ്രിസ്‌ബേനിന്റെ പ്രാന്തപ്രദേശത്തുള്ള മുറൂക്കയിൽ വച്ചാണ് സംഭവം. ബസിലെ യാത്രക്കാരൻ തന്നെയാണ് മന്മീതിനെതിരേ ആക്രമണം നടത്തിയത്. സംഭവത്തിൽ ബസിലെ യാത്രക്കാരായ ആറുപേർക്ക് നേരിയ തോതിൽ പരിക്കു പറ്റിയിട്ടുണ്ട്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഗീതത്തിനു പുറമേ നിരവധി ഷോർട്ട് ഫിലിമുകളിലും മന്മീത് അഭിനയിച്ചിട്ടുണ്ട്. ബ്രിസ്‌ബേൻ 4ഇബി റേഡിയോ സ്‌റ്റേഷനിൽ അനൗൺസറായും മന്മീത് ജോലി ചെയതിരുന്നു. അവിവാഹിതനായ മന്മീതിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്. നാട്ടിൽ നിന്നും സഹോദരൻ അമിത് അലീഷറും ഓസ്‌ട്രേലിയയിൽ എത്തിയിട്ടുണ്ട്.

മന്മീതിന്റെ കൊലപാതകി നാല്പത്തെട്ടുകാരനായ ആന്റണി മാർക്ക് എഡ്വേർഡ് പൊലീസ് കസ്റ്റഡിയിലാണിപ്പോൾ. ഇയാൾക്കെതിരേ കൊലപാതകം, തീവയ്പ്, തുടങ്ങിയ പതിനൊന്ന് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മന്മീതിനോടുള്ള ആദരസൂചകമായി ഇന്ന് ബ്രിസ്‌ബേനിലുള്ള ബസ് ഡ്രൈവർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തുന്നത്.