ദോഹ: കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ മൂലം ഗൾഫ് നാടികളിലേയ്ക്ക് എന്ത് ജോലിയും ചെയ്യാൻ തയ്യാറായി പോകുന്ന പ്രവാസികൾ ആശ്വാസമാവുകയാണ് ദോഹയിലെ ഇന്ത്യൻ റസ്‌റ്റോറന്റ്. കുടുംബത്തിനും. ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്നതിനിടയിൽ ഒരു നേരത്തെ ആഹാരം സൗജന്യമായി ലഭിച്ചാൽ ആർക്കാണ് ആശ്വാസമാവാത്തത്.

കൈയിൽ പണമില്ലാതെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും പണം തികയാതെ വിഷമിക്കുന്ന ഖത്തറിലുള്ള തൊഴിലാളികൾക്കാണ്
ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള സൈഖ റസ്‌റ്റോറന്റ് ആശ്വാസമാവുന്നത്.

ഇന്ത്യക്കാരായ രണ്ട് സഹോദരന്മാരാണ് ഈ ഹോട്ടലിന്റെ ഉടമകൾ. ഡൽഹി സ്വദേശികളായ ഷാദാബ് ഖാൻ (47) സഹോദരൻ നിഷാബ് എന്നിവരാണ് പാവങ്ങളുടെ വിശപ്പിന് വഴിയുണ്ടാക്കി വ്യത്യസ്തരാകുന്നത്. കൈയിൽ പണമില്ലാത്ത തൊഴിലാളികൾക്ക് ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കാം എന്നതാണ് ഹോട്ടലിന്റെ പ്രത്യേകത. കഴിഞ്ഞ മൂന്ന് ആഴ്ചയിലേറെയായി ഹോട്ടലിൽ നിന്നും ഇത്തരത്തിൽ ഭക്ഷണം സൗജന്യമായി നൽകുന്നുണ്ട്.

നിങ്ങൾക്ക് വിശക്കുന്നുണ്ടോ? കൈയിൽ പണമില്ലേ? സജന്യമായി ഭക്ഷണം കഴിച്ചോളൂ'. ഇതാണ് ഹോട്ടലിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ്. ഇന്ത്യ, നേപ്പാൾ, ബംഗ്‌ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഖത്തറിൽ കൂടുതൽ. ഭക്ഷണം സൗജന്യമായി നൽകുന്നെങ്കിലും ആദ്യമൊക്കെ ഇത്തരത്തിൽ ഭക്ഷണം കഴിക്കാൻ തൊഴിലാളികൾ വിമുഖത കാട്ടിയിരുന്നതായി ഉടമകൾ പറയുന്നു. എന്നാൽ ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായതായും അവർ പറയുന്നു.

പാവങ്ങളുടെ വിശപ്പ് കണ്ട് മനസലിഞ്ഞ് സൗജന്യ ഭക്ഷണം നടത്തുമ്പോഴും നിഷാബും, ഷദാബും അല്പം വിഷമത്തിലാണ്. ഹോട്ടൽ നില്ക്കുന്ന കെട്ടിടം വാടകയ്ക്ക് എടുത്തതാണ്. അതിൽ ഉടമയുമായി വാടകയെച്ചൊല്ലി പ്രശ്‌നങ്ങളുണ്ട്. അതിനാൽ തന്നെ ഹോട്ടലിനായി പുതിയൊരു സ്ഥലം കണ്ടെത്തേണ്ടുന്ന വിഷമത്തിലാണ് ഇരുവരും.