ലണ്ടൻ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പ്രവാസികളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിൽ വിദേശ ഇന്ത്യക്കാർക്ക് കൈവശമുള്ള ഇന്ത്യൻ കറൻസി മാറ്റിവാങ്ങാൻ ഇന്ത്യൻ എംബസികളിൽ സൗകര്യമേർപ്പെടുത്തണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇത് പ്രകാരം എംബസികളിൽ നിന്നും നോട്ട് മാറ്റാനുള്ള സൗകര്യവും ഒരുക്കി. എന്നാൽ ലക്ഷക്കണക്കിന് രൂപയുമായി എംബസിയിൽ ചെന്നാൽ പ്രവാസികൾക്ക് ശരിക്കും പണി കിട്ടും.

പതിനായിരം രൂപ വരെ മാത്രം മാറ്റാനുള്ള സൗകര്യമേ എംബസിയിൽ നിലവിലുള്ളു. അതിൽ കൂടുതൽ കറൻസിയമായി ചെന്നാൽ പണി കിട്ടും. അതിന് കാരണം നിയമപരമായ കുരുക്ക് തന്നെയാണ്. പ്രവാസികൾക്ക് കൈവശം സൂക്ഷിക്കാനുള്ള പരമാവധി ഇന്ത്യൻ രൂപയുടെ തുക പതിനായിരമാണ്. എന്നാൽ പലരുടെ കൈവശവും ഇതിൽ കുടുതൽ പണം ഉണ്ടാകുമെങ്കിലും ഇത് മാറ്റിയെടുക്കാൻ സാധിക്കില്ല.

ലണ്ടനിലെ ഇന്ത്യൻ ഓഫീസിൽ അടക്കം നോട്ട് മാറാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെത്തി വിദേശങ്ങളിലേക്ക് മടങ്ങുന്നവർ മിക്കവരും കുറച്ചെങ്കിലും ഇന്ത്യൻ കറൻസി തിരികെ എത്തുമ്പോഴത്തെ ആവശ്യം പരിഗണികൈവശം വയ്ക്കാറുണ്ട്. മിക്കവരും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായാണ് പണം കൈവശം വയ്ക്കാറുള്ളതും. അത്തരത്തിൽ പണം കൊണ്ടുപോയവർക്ക് നോട്ടുകൾ മാറ്റിവാങ്ങാൻ അനുവദിച്ച സമയപരിധിയായ ഡിസംബർ 30നകം നാട്ടിലെത്താൻ കഴിയാത്തവരാണ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്. നിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രവാസികളിൽ പലരും തങ്ങൾ പണമയക്കുന്ന മണി എക്‌സ്‌ചേഞ്ചുകളെ സമീപിച്ചെങ്കിലും അവർ 500, 1000 നോട്ടുകൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

പക്ഷേ, പരിഭ്രാന്തി വേണ്ടെന്നും കൈവശം അസാധുവാക്കപ്പെട്ട ഇന്ത്യൻ കറൻസിയുള്ള പ്രവാസികൾക്ക് കാരണം വ്യക്തമാക്കി ഡിസംബർ 30ന് ശേഷം റിസർവ് ബാങ്കിലെത്തി പണം മാറ്റാമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രവാസികൾക്ക് എൻആർഓ അക്കൗണ്ട് വഴി പണം മാറ്റിവാങ്ങാനാകും. നിശ്ചിത സമയപരിധി കഴിഞ്ഞ് ബാങ്കിൽ നിന്ന് പണം മാറ്റാൻ കഴിയാത്തവർക്കാണ് പ്രത്യേക സത്യവാങ്മൂലം നൽകി റിസർവ് ബാങ്കിൽ നിന്ന് പണം മാറ്റാൻ അവസരം നൽകുന്നത്.

പ്രഖ്യാപിച്ച സമയപരിധിക്കു മുമ്പ് നാട്ടിലെത്താൻ കഴിയാത്തവർക്ക് നാട്ടിലേക്ക് വരുന്ന മറ്റൊരു പ്രവാസിയുടെ കൈവശം പണം കൊടുത്തയക്കാമെന്നാണ് റിസർവ് ബാങ്കിന്റെ നിർദ്ദേശം. നാട്ടിലുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് സുഹൃത്തിനെ നിയോഗിക്കാം. നിങ്ങൾക്ക് അക്കൗണ്ടുള്ള ബ്രാഞ്ചിലെത്തി സുഹൃത്തിന് പണം നിക്ഷേപിക്കാം. നിങ്ങളുടെ ഓതറൈസേഷൻ ലെറ്ററും ഐഡന്റിറ്റി പ്രൂഫും നൽകേണ്ടതാണ്. ആധാർ, ലൈസൻസ്, വോട്ടേഴ്‌സ് ഐഡി, പാസ്‌പോർട്ട്, എൻആർഇജിഎ കാർഡ്, പാൻകാർഡ്, ഗവപൊതുമേഖലാ സ്ഥാപനങ്ങളുടെ കാർഡ് തുടങ്ങിയവ വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഐഡന്റിറ്റി പ്രൂഫായി നൽകാം. ഇവയുടെ കോപ്പി നൽകിയാൽ മതിയാകും.

പണം മാറാനായി ഡിസംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത് എന്നതിനാൽ അതിനിടയിൽ നാട്ടിലേക്ക് വരുന്നവർക്ക് നോട്ടുകൾ മാറിയെടുക്കാൻ ബുദ്ധിമുട്ട് നേരിടില്ല. അങ്ങനെ മാറ്റിയെടുക്കേണ്ടവരിൽ 50,000 രൂപയിൽ കൂടുതൽ പണമുള്ളവർ പാൻ കാർഡ് ഹാജരാക്കണം. നിശ്ചിത സമയത്തിന് ശേഷമാണ് നോട്ടുമായി നാട്ടിലേക്ക് വരുന്നതെങ്കിൽ നേരിട്ട് ആർബിഐ ഓഫീസുകളിലൂടെ പണം മാറിയെടുക്കാം. പണം മാറാൻ വൈകിയതിന്റെ കാരണവും തിരിച്ചറിയൽ രേഖകളും ഇതിനോടെപ്പം സമർപ്പിക്കണം.