ദോഹ:  ഈ വർഷം  ഇന്ത്യൻ എംബസിക്കു ലഭിച്ചത് 3117 പുതിയ പരാതികൾ.  കഴിഞ്ഞ വർഷം പരാതികളുടെ എണ്ണം 3943 ആയിരുന്നു. തൊഴിൽ പ്രശ്‌നങ്ങളും തൊഴിലാളികളുടെ വിഷയവും ചർച്ച ചെയ്യാൻ ചേരുന്ന ഓപ്പൺ ഹൗസിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വന്നത്.

അംബാസിഡർ സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ.കെ സിങ്, എംബസ്സിയിലെ മറ്റ് ഉദ്ദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പരാതികൾ പരിശോധിച്ചത്. 203 ഇന്ത്യക്കാരാണ് ഡിപ്പോർട്ടേഷൻ സെന്ററിൽ കഴിയുന്നത്. 98 ഇന്ത്യക്കാർ സെന്റ്‌റൽ പ്രിസണിലും ഉണ്ട്.  ഇവരുടെ സൗകര്യങ്ങൾ അന്വേഷിക്കാൻ എംബസ്സി ഉദ്ദ്യോഗസ്ഥർ ഇവിടങ്ങളിൽ സന്ദർശിച്ചു.

സെപ്റ്റംബറിൽ 11 മരണങ്ങളാണ് എംബസ്സി റിപ്പോർട്ട് ചെയ്തത്. 279 മരണങ്ങളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിരുന്നത്. ഖത്തർ അധികൃതരുടെ നിർദ്ദേശപ്രകാരം ഡിപ്പോർട്ടേഷൻ സെന്ററിൽ കഴിയുന്നവർക്കായി 23 എമർജൻസി സർട്ടിഫിക്കറ്റുകളും, 23  എയർ ടിക്കറ്റുകളും എംബസ്സി ഇഷ്യു ചെയ്തിരുന്നു.  നാട്ടിലേക്ക് പോവേണ്ട ചെലവ് വഹിക്കാൻ സാധിക്കാതെ ഡിപ്പോർട്ടേഷൻ സെന്ററിൽ കഴിയുന്ന 5 പേർക്ക് ഐസിബിഎഫും ടിക്കറ്റുകൾ നൽകി. ഇതുകൂടാതെ സാമ്പത്തികവും ആരോഗ്യപരവുമായ സേവനങ്ങളും ഇവർ നൽകി വരുന്നുണ്ട്.