റിയാദ്: സൗദിയിൽ അനധികൃതമായി തങ്ങുന്ന വിദേശികൾക്ക് നിയമനടപടികൾ നേരിടാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനായി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാർക്ക് സഹായം ഉറപ്പാക്കാൻ സേവന കേന്ദ്രങ്ങൾ തുറക്കുമെന്ന് അംബാസഡർ അഹ്മ്ദ് ജാവേദ്. പൊതുമാപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത് വോളണ്ടിയർമാരുടെ യോഗത്തിലാണ് അഹമ്മദ് ജാവേദ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമാപ്പിന്റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് സാമൂഹിക പ്രവർത്തകരുടെ സഹായം ഉറപ്പാക്കുന്നതിനും പൊതുമാപ്പുമായി ബന്ധപ്പെട്ട് സൗദി അധികൃതരിൽ നിന്നു ലഭിച്ച വിവരങ്ങൾ ഇന്ത്യൻ പ്രവാസി സമൂഹത്തെ ധരിപ്പിക്കുന്നതിനുമാണ് യോഗം വിളിച്ചത്.

നിലവിലുള്ള പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് സേവന കേന്ദ്രങ്ങൾ തുടങ്ങുക. വിദൂര കേന്ദ്രങ്ങളിൽ സാധ്യമാകുന്ന രീതിയിൽ പുതിയ കേന്ദ്രങ്ങൾ പരിഗണിക്കും. രാജ്യം വിടാൻ നിയമസാധുതയുള്ള യാത്രാ രേഖകൾ ഇല്ലാത്തവർക്ക് ഇത്തരം കേന്ദ്രങ്ങളിലെത്തി രേഖകൾ പൂർത്തീകരിക്കാം. അപേക്ഷകർ നേരിട്ട് സേവന കേന്ദ്രത്തിലെത്തണം. അപേക്ഷ സമർപ്പിച്ച് ഒരാഴ്‌ച്ചക്കകം എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകും. എമർജൻസി സർട്ടിഫിക്കറ്റിനുള്ള ഫീസ് ഒഴിവാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അംബാസഡർ അഹ്മദ് ജാവേദ് വ്യക്തമാക്കി. രാജ്യത്തിന്റെ വിദൂര ദിക്കുകളിലുള്ളവരുൾപ്പെടെ എല്ലാവരിലേക്കും സന്ദേശം എത്തിക്കാൻ സന്നദ്ധപ്രവർത്തകർ ശ്രമിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

തീർത്ഥാടന വിസയിലും വിസിറ്റ് വിസയിലും ബിസിനസ് വിസയിലും ട്രാൻസിറ്റ് വിസയിലും സൗദിയിലെത്തി നിയമലംഘകരായി തുടരുന്ന ഇന്ത്യക്കാർക്ക് കാലാവധിയുള്ള പാസ്‌പോർട്ടും ടിക്കറ്റുമായി വിമാനത്താവളത്തിലെത്തി ഫൈനൽ എക്‌സിറ്റു നേടണമെന്ന് അംബാസഡർ അഭ്യർത്ഥിച്ചു.

സന്നദ്ധപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് എംബസി പൊതുമാപ്പ് ഉപയോഗപ്പെടുത്താനുള്ള മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കുന്നത്. സേവനത്തിന് മധ്യവർത്തികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്ന മുന്നറിയിപ്പ് നൽകിയ എംബസി വളണ്ടിയർമാർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അടുത്ത ദിവസം പുറത്തിറക്കുമെന്നും അറിയിച്ചു.