അബുദാബി: യുഎഇ ഇന്ത്യൻ മിഷൻ ഓഫീസിൽ രണ്ട് ഡെപ്യൂട്ടി ചീഫുമാർ തമ്മിലുള്ള ചേരിപ്പോര് പുറത്തായി.  പുതുതായി നിയമിതയായ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നിതാ ഭൂഷണ്  ഓഫീസിൽ വിലക്ക് ഏർപ്പെടുത്തിയതാണ് രണ്ടു നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് പുറത്തായത്. മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നമ്രതാ കുമാർ തന്റെ സ്ഥാനമൊഴിയാൻ കൂട്ടാക്കാത്തതും ചാർജെടുക്കാൻ അബുദാബിയിലെത്തിയ നിതാ ഭൂഷണ് മിഷൻ ഓഫീസിൽ നിന്നും തണുത്ത സ്വീകരണം നേരിടേണ്ടി വന്നതും നിതാ ഭൂഷൺ തന്നെ തന്റെ ഫേസ് ബുക്കിൽ വെളിപ്പെടുത്തുകയായിരുന്നു.

അബുദാബി ഇന്ത്യൻ മിഷൻ ഓഫീസിൽ നടന്ന ഈ ചേരിപ്പോരിൽ അവസാനം ഇന്ത്യൻ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേഴ്‌സ് തന്നെ ഇടപെട്ട് പ്രശ്‌നപരിഹാരം നടത്തുകയായിരുന്നു.  സെപ്റ്റംബറിലാണ് നിതാ ഭൂഷൺ അബുദാബിയിലെ ഇന്ത്യൻ മിഷൻ ഓഫീസിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയി നിയമിതയാകുന്നത്.

മിനിസ്ട്രിയുടെ ഉത്തരവു പ്രകാരമാണ് താൻ മിഷൻ ഓഫീസിൽ നിയമിതയായതെന്നും എന്നാൽ ഓഫീസ് പരിസരത്ത് തനിക്ക് ഒരു മോഷ്ടാവിനെ പോലെ കയറേണ്ടി വന്നുവെന്നും നിതാ ഭൂഷൺ വെളിപ്പെടുത്തുന്നു. ഓഫീസിലെത്തിയ തനിക്ക് നേരിടേണ്ടി വന്നത് വളരെ തണുത്ത സ്വീകരണമാണെന്നും തന്നെ സ്റ്റാഫുകൾ തീരെ അവഗണിക്കുകയായിരുന്നുവെന്നും നിതാ പറയുന്നു. ഓഫീസിന്റെ സെക്യൂരിറ്റി ചാർജിലുള്ള റിസപ്ഷൻ ഡെക്‌സിലെ ഡിഫൻസ് അഡൈ്വസർ തന്നെ ഓഫീസിൽ കയറാനുള്ള കരുണ കാട്ടിയതുകൊണ്ട് എനിക്ക് അവിടെ പ്രവേശിക്കാൻ സാധിച്ചു. പിന്നീടുള്ള ദിനങ്ങൾ ഏറെ കടുപ്പമേറിയതായിരുന്നുവെന്നും നിതാ ഫേസ് ബുക്കിൽ കുറിച്ചു.

മുൻ ഡെപ്യൂട്ടി ചീഫ് ഓഫീസറുടെ കാലാവധി നീട്ടിയെന്നും തന്റെ നിയമനം വൈകിപ്പിച്ചതിനാൽ ഉത്തരവാദിത്വങ്ങൾ ഒന്നും  ഏറ്റെടുക്കേണ്ടെന്നുമാണ് ഓഫീസിൽ നിന്നു കിട്ടിയ നിർദ്ദേശം. ഓഫീസിലെ ഒരു സെക്കൻഡ് സെക്രട്ടറിയുടെ മുറിയാണ് താൻ ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിച്ചതെന്നും എംബസിയുടെ വെബ് സൈറ്റിൽ രണ്ടു മാസത്തേക്ക് തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്നും ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ സാങ്കേതിക തടസങ്ങളാണ് കാരണമായി പറഞ്ഞതെന്നും നിതാ ചൂണ്ടിക്കാട്ടി.

നിതയുടെ ഭർത്താവ് അനുരാഗ് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറലാണ്. എന്നാൽ ഈ ഘട്ടത്തിൽ അതു തനിക്ക് ഒട്ടും തന്നെ സഹാകരമായില്ല. തനിക്കു നേരെയുള്ള അവഗണന ഇതുകൊണ്ടും തീർന്നില്ല. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡിസിഎം) എന്ന നിലയിൽ  തിരിച്ചറിയൽ കാർഡിനായി താൻ അപേക്ഷിച്ചുവെങ്കിലും എന്തിന്റെ അടിസ്ഥാനത്തിലാണ് ഡിസിഎം എന്ന രീതിയിലുള്ള തിരിച്ചറിയൽ കാർഡ് നൽകേണ്ടതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഓഫീസ് തന്റെ ആവശ്യം നിരാകരിച്ചെന്നും നിതാ വെളിപ്പെടുത്തി. അവസാനം മിനിസ്ട്രി തന്നെ ഇടപെട്ട് പ്രശ്‌നം അവസാനിപ്പിച്ചു.

അബുദാബിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയി നിതാ ഭൂഷണെ നിയമിച്ചുവെന്ന് മന്ത്രാലയം തന്നെ ഉത്തരവ് പുറപ്പെടുവിച്ചു. നമ്രതാ കുമാറിനെ അബുദാബിയിലെ മിഷൻ ഓഫീസിൽ തന്നെ  പൊളിറ്റിക്കൽ ആൻഡ് ഇൻഫർമേഷൻ കൗൺസിലർ ആയി നിയമനം നൽകിയിട്ടുണ്ട്.