മനാമ: ഇരുപത്തിനാലു മണിക്കൂറിനിടെ ഇന്ത്യക്കാരായ മൂന്ന് പ്രവാസികളെ ലേബർ ക്യാമ്പുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഇതിൽ രണ്ടു പേർ തൂങ്ങി മരിച്ചതായാണ് റിപ്പോർട്ടുകൾ. ചിത്രവേലു ഷൺമുഖൻ, രാജു, അമൻദീപ് സിങ് എന്നിവരെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.

ചിത്രവേലുവിനെ അൽ നയിം മേഖലയ്ക്ക് സമീപത്തുള്ള ലേബർ ക്യാമ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. തന്റെ ജോലി സ്ഥലത്തു നിന്ന് അധികൃതരെ അറിയിക്കാതെയാണ് ഇയാൾ താമസസ്ഥലത്തേക്ക് മടങ്ങിയത്. പിന്നീട് രാത്രി 8 മണിയോടെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. റിയൽ എസ്‌റ്റേറ്റ് സ്ഥാപനത്തിൽ ട്രേഡർ ആയി ജോലി ചെയ്തു വരികയായിരുന്നു ചിത്രവേലു.

ഇന്ത്യയിൽ നിന്നുള്ള മറ്റൊരു പ്രവാസി രാജുവും അഅലിയിലെ അപ്പാർട്ടുമെന്റിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഹൗസ് ബോയ് ആയി ജോലി നോക്കി വരികയായിരുന്നു ഇയാൾ. രാവിലെ എട്ട് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്ററ് മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് അയയ്ക്കും.
കോൺട്രാക്ടിങ് കമ്പനിയിൽ ക്ലർക്കായി ജോലി നോക്കി വരികയായിരുന്നു അമൻദീപ് സിംഗാണ് മരിച്ച മറ്റൊരു ഇന്ത്യക്കാരൻ. ഇായൾ വെസ്റ്റ് ഇക്കറിലെ ക്യാമ്പിൽ രാവിലെ ആറു മണിയോടെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കൂടെയുള്ളവർ ജോലി കഴിഞ്ഞ് വരുമ്പോൾ ഇയാൾ കസേരയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.