ന്യൂഡൽഹി: ആരാധന മൂത്ത് വീട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ പാക്കിസ്ഥാൻകാരനെ രക്ഷിക്കാൻ വിരാട് കോഹ്‌ലി ഇടപെട്ടേക്കുമെന്നു സൂചന. വിരാട് കോഹ്‌ലി ആരാധകനായ പാക്കിസ്ഥാൻകാരൻ ഉമർ ദ്രാസിനഒ പത്തുവർഷം തടവു വിധിച്ചിരിക്കുകയാണ് അധികൃതർ.

സംഭവത്തിൽ പാക്കിസ്ഥാൻ സർക്കാരുമായി ചർച്ച നടത്തി പ്രശ്‌നം ഒത്തുതീർപ്പിൽ എത്തിക്കുന്നതിന് കോഹ്‌ലി നേരിട്ട് ഇടപെടുമെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞതായും ആരാധകൻ അറസ്റ്റിലായതിൽ ദുഃഖമുണ്ടെന്നും കോഹ്‌ളിയുടെ സഹോദരൻ വികാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കോഹ്‌ലിയോട് ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്തുമെന്നും അധികൃതരുമായി സംസാരിച്ച് ആവശ്യമെങ്കിൽ പാക്കിസ്ഥാൻ സർക്കാരിനെ സമീപിക്കുമെന്നും വികാസ് വ്യക്തമാക്കി. ജനുവരി 26നു റിപ്പബ്ലിക് ദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യ വിജയിക്കുകയും കോഹ്‌ലി ഔട്ട് ആകാതെ 90 റൺസ് കുറിക്കുകയും ചെയ്തിരുന്നു. കോഹ്‌ലിയുടെയും ഇന്ത്യയുടെയും പ്രകടനത്തിൽ ആഹ്ലാദം വാനോളമുയർന്നതോടെയാണ് പാക്കിസ്ഥാനിലെ ഒക്കാറ സ്വദേശിയായ ഉമർ ദ്രാസ് ഇന്ത്യൻ പതാക വീട്ടിൽ ഉയർത്തിയത്.

തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വീട് റെയിഡ് ചെയ്ത പൊലീസ് വിരാട് കോഹ്‌ലിയുടെ നിരവധി പോസ്റ്ററുകൾ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഉമറിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.