മനാമ: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം നടക്കാനിരുന്ന ഇന്ത്യ-ബെലാറസ് സൗഹൃദ ഫുട്‌ബോൾ മത്സരം ഉപേക്ഷിച്ചു. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിൽ നിന്ന് ഫിഫയും വനിതാ യൂറോ കപ്പിൽ നിന്ന് യുവേഫയും റഷ്യയെ ഇന്നലെ വിലക്കിയിരുന്നു. ഇതിന് പിന്നാലെ റഷ്യയെയും റഷ്യയുടെ സഖ്യരാജ്യമായ ബെലാറസിനെയും രാജ്യാന്തര കായികവേദികളിൽ നിന്ന് വിലക്കണമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെലാറസിനെതിരായ സൗഹൃദ മത്സരം ഇന്ത്യ ഉപേക്ഷിച്ചത്.

ബെലാറസുമായുള്ള സൗഹൃദ മത്സരം റദ്ദാക്കിയതോടെ ബഹ്‌റിനുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്ത്യ ശ്രമിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു. മാർച്ച് 23നാണ് ബഹ്‌റിനുമായി ഇന്ത്യ സൗഹൃ മത്സരം കളിക്കുന്നത്. മാർച്ച് 26ന് ആയിരുന്നു ബെലാറസിനെതിരായ സൗഹൃദ മത്സരം കളിക്കേണ്ടിയിരുന്നത്. ബഹ്‌റിനിലെ മനാമയിലാണ് മത്സരങ്ങൾ നടക്കുക.

ഫിഫ റാങ്കിംഗിൽ ഇന്ത്യയെക്കാൾ മുന്നിലുള്ള രാജ്യങ്ങളാണ് ബഹ്‌റിനും ബെലാറസും. ഫിഫ റാങ്കിംഗിൽ ഇന്ത്യ 104-ാം സ്ഥാനത്തും ബഹ്‌റിൻ 91-ാം സ്ഥാനത്തും ബെലാറസ് 94-ാം സ്ഥാനത്തുമാണ്. ബഹ്‌റിനെയും ബെലാറസിനെയും തോൽപ്പിച്ചാൽ ഈ മാസം അവസാനം ഇറങ്ങുന്ന ഫിഫ റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം നടത്താനാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഇന്ത്യക്ക് ഒരു യൂറോപ്യൻ രാജ്യവുമായി സൗഹൃദ മത്സരം കളിക്കാൻ അവസരം ലഭിച്ചത്.