ലണ്ടൻ: ഇന്ത്യയിൽ ഇപ്പോഴും സ്വവർഗപ്രേമികളുടെ നില പരിതാപകരമാണെന്ന് വെളിപ്പെടുത്തി സ്വവർഗ പ്രേമിയായ ഗുജറാത്തിലെ രാജകുമാരൻ മാൻവേന്ദ്ര സിങ് ഗോഹിൽ രംഗത്തെത്തി. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ വൻ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വവർഗപ്രേമിയായ താൻ കുറേക്കാലം തന്റെ ലൈംഗിക അസ്തിത്വം മറച്ച് വച്ച് ഒരു രാജകുമാരിയെ വിവാഹം കഴിക്കാൻ നിർബന്ധിതനായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തുടർന്ന് താൻ പലവിധ എതിർപ്പുകളെ അതിജീവിച്ച് തന്റെ സ്വവർഗ ലൈംഗികാഭിമുഖ്യം വെളിപ്പെടുത്തുകയായിരുന്നുവെന്നും ഗോഹിൽ പറയുന്നു. ലൈംഗിക ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഇദ്ദേഹം ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിക്കൊണ്ടിരിക്കുന്നത്.

ഗുജറാത്തിലും മുംബൈയിലുമുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിലാണ് മാനവേന്ദ്ര സിങ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തങ്ങൾ സ്വവർഗാനുരാഗികളാണെന്ന് അറിഞ്ഞപ്പോൾ തങ്ങളുടെ അമ്മമാരെ വരെ കൊല്ലുമെന്ന് ഗുജറാത്തിലെ യാഥാസ്ഥിതികർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഗുജറാത്തിലെ സ്വവർഗ പ്രേമികൾ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് ഗോഹിൽ ലോകമാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ഗുജറാത്തിലെ രജപുത്ര രാജവംശമായ രാജ്പിപ്ലയിലെ മഹാരാജാവിന്റെ മകനായി തികഞ്ഞ സമൃദ്ധിയിലാണ് ഗോഹിൽ താൻ ജനിച്ചതെന്നും തന്റെ യഥാർത്ഥ ലൈംഗികത മറച്ച് വച്ച് കൊണ്ടുള്ള കുറേ വർഷങ്ങളിലെ ജീവിതം നരകസമാനമായിരുന്നുവെന്നാണ് ഗോഹിൽ പറയുന്നത്.

തുടർന്ന് 1991ൽ മധ്യപ്രദേശിലെ ജാബുവയിലെ രാജകുമാരിയെ തന്റെ വധുവാക്കാൻ ഗോഹിൽ നിർബന്ധിതനാവുകയും ചെയ്തിരുന്നു. തുടർന്ന് അധികകാലം തന്റെ യഥാർത്ഥ ലൈംഗികത മറച്ച് വയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഗോഹിൽ തന്റെ ഭാര്യയോട് ഈ സത്യം തുറന്ന് പറയുകയായിരുന്നു. തുടർന്ന് ഭാര്യ രാജകുമാരനെ ഡിവോഴ്സ് ചെയ്ത് പോവുകയും ചെയ്തു. എന്നാൽ തന്റെ ലൈംഗികത പുറത്ത് വിടരുതെന്ന് അഭ്യർത്ഥന രാജകുമാരന്റെ ഭാര്യ പാലിക്കുകയും ചെയ്തിരുന്നു. തുടർന്ന് തന്റെ ലൈംഗികത മറച്ച് വച്ച്
കൊണ്ട് അധികകാലം മുന്നോട്ട് പോകാൻ ഗോഹിലിന് സാധിച്ചില്ല.

തുടർന്ന് 2002ൽ മാനസികമായി തകരാറിലായി ആശുപത്രിയിലാവുകയും അദ്ദേഹം സ്വവർഗാനുരാഗിയാണെന്ന് അദ്ദേഹത്തിന്റെ സൈക്യാട്രിസ്റ്റ് മാതാപിതാക്കളോട് വെളിപ്പെടുത്തുകയുമായിരുന്നു. എന്നാൽ ഇക്കാര്യം ലോകത്തെ അറിയിക്കരുതെന്ന് മാതാപിതാക്കന്മാർ രാജകുമാരനോട് നിഷ്‌കർഷിച്ചിരുന്നു. തുടർന്ന് രാജകുമാരനെ മാറ്റിയെടുക്കുന്നതിനായി മാതാപിതാക്കന്മാർ വൈദ്യശാസ്ത്രപരമായും മതപരമായും ശ്രമിച്ചിരുന്നു. തുടർന്ന് ഇതിനെയെല്ലാം മറികടന്ന് തന്റെ ലൈംഗികത വെളിപ്പെടുത്തി രാജകുമാരൻ മുന്നോട്ട് വന്നത് വൻ കോളിളക്കമായിരുന്നു ഉണ്ടാക്കിയത്.

തുടർന്ന് രാജകുമാരൻ എന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും അദ്ദേഹത്തിന് നിഷേധിക്കുന്ന അവസ്ഥയും സംജാതമായിരുന്നു. എന്നാൽ പിന്നീട് ഇതിനെയെല്ലാം അതിജീവിച്ച് സ്വവർഗാനുരാഗികൾക്കും എച്ച്ഐവി രോഗികൾക്കുമായുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ രാജകുമാരൻ സജീവമാവുകയായിരുന്നു. ഇതിലൂടെ അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തനായിത്തീരുകയും ചെയ്തിരുന്നു.