ന്യൂഡൽഹി: ഇന്ത്യ സ്വാതന്ത്ര്യദിനം കൊണ്ടാടുമ്പോൾ പങ്കാളിയായി ഗൂഗിളും. ഇന്ത്യൻ പാർലമെന്റിനേയും അശോക ചക്രത്തേയും എല്ലാം മനോഹരമായി ചിത്രികരിക്കുന്നതാണ് ഗൂഗിളിന്റെ ഇന്നത്തെ ഡൂഡിൽ. ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ എന്ന പേരിൽ അറിയപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ആഘോഷത്തിന് മാറ്റ് കൂട്ടാൻ അതി മനോഹരമായ ഡൂഡിലാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ ദേശീയതയുടെ പ്രതീകമെല്ലാം സംയോജിപ്പിച്ചാണ് ഡൂഡിൽ തയ്യാറാക്കിയിരിക്കുന്നത്. മുബൈയിലെ സബീനാ കാർണികാണ് ഇതിന് പിന്നിലെ വ്യക്തി. പേപ്പർ കട്ട് ആർട്ട് സ്റ്റൈലിലൂടെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ഡൂഡിൽ സബീന തയ്യാറാക്കിയതെന്ന് ഗൂഗിൾ വ്യക്തമാക്കി. ദേശീയ പതാകയുടെ നിറങ്ങളും ദേശീയ പതാകയുടെ റിബണുമെല്ലാം ഡൂഡിലിനെ വ്യത്യസ്തയാക്കുന്നു. ഇതിന് വേണ്ടിയുണ്ടാക്കിയ പേപ്പർ കട്ട് സ്റ്റൈലുകളുടെ മാതൃകയും ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞവർഷവും ഇത്തരത്തിൽ ഗൂഗിൾ ആദരവുമായെത്തിയിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1947ലെ ഓഗസ്റ്റ് 15ൽ പാർലമെന്റിൽ നടത്തിയ ചരിത്രപരമായ പ്രസംഗത്തെ ആദരിച്ചാണ് ഗൂഗിളിന്റെ ഡൂഡിൽ 2016ൽ ശ്രദ്ധയാകർഷിച്ചത്. കാലങ്ങൾക്ക് മുമ്പെ നമ്മുടെ വിധിയെ നാം നിശ്ചയിച്ചതാണ്. പ്രതിജ്ഞ നിറവേറ്റാൻ ഇപ്പോൾ സമയമെത്തിയിരിക്കുകയാണ്. 'ദൃഢതയോടെയാണ് പ്രതിജ്ഞ നാം നിറവേറ്റണ്ടത്. ലോകം ഉറങ്ങുമ്പോൾ, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്'ജവഹർലാൽ നെഹ്റു പാർലമെന്റിൽ ഓഗസ്റ്റ് 15ന് പറയുന്ന രംഗം ഒരോ ഓർമ്മിപ്പിച്ചായാരുന്നു ആ ഡൂഡിൽ.

2015ൽ മഹാത്മാ ഗാന്ധിയുടെ ദണ്ഡി യാത്രയെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഗൂഗിൾ അവതരിപ്പിച്ചിരുന്നത്. അതിന് മുമ്പുള്ള വർഷങ്ങളിൽ, ചെങ്കോട്ടയും, ഇന്ത്യൻ പതാകയും, ഇന്ത്യൻ തപാൽ സ്റ്റാമ്പുകളും, ദേശീയ പക്ഷിയായ മയിലിനെയും എല്ലാമാണ് ഗൂഗിൾ, ഡൂഡിലിലൂടെ അവതരിപ്പിച്ചിരുന്നത്. ഗൂഗിളിന്റെ സ്ഥാപകരായ സെർഗി ബ്രിൻ, ലാറി പേജ് എന്നിവരാണ് ആദ്യ ഡൂഡിലിന്റെ നിർമ്മാതാക്കൾ.1998 -ൽ ബേണിഗ് മാൻ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡിൽ.

2000-ൽ ബാസ്റ്റിൽ ഡേയുടെ ഡൂഡിൽ നിർമ്മിക്കാൻ ഡെന്നീസ് ഹ്വാങ് എന്ന ഡിസൈനറെ ചുമതലപ്പെടുത്തി. അതിനുശേഷം ഗൂഗിൾ തന്നെ ഡൂളേഴ്‌സ് എന്ന പേരിൽ ഗൂഗിളിന്റെ കീഴിൽ ഒരു വിഭാഗത്തെ സജ്ജമാക്കി. നിലവിൽ കാണുന്ന ഡൂഡിലുകൾ അവരാണ് നിർമ്മിക്കുന്നത്. ആദ്യകാല ഡൂഡിലുകൾ ചലിക്കുകയോ, ഹൈപ്പർലിങ്ക് ചെയ്യപ്പെടുകയോ ചെയ്തിരുന്നില്ല.

2010-ൽ ന്യൂട്ടന്റെ സ്മരണാർത്ഥം ഇറങ്ങിയ ഡൂഡിലാണ് ആദ്യ അനിമേഷൻ ഡൂഡിൽ.ഹൈപ്പർലിങ്കുകൾ പൊതുവെ ഡൂഡിലുമായി ബന്ധമുള്ള പേജുകളിലേക്കാണ് തിരിച്ച് വിടപ്പെടുന്നത്.