കുവൈത്ത് : ഇസ്ലാമിന്റെ അടിസ്ഥാന ശിലയായ തൗഹീദി പ്രബോധന രംഗത്ത് വിശുദ്ധ ഖുർആനും തിരുസുന്നത്തും അടിസ്ഥാനമാക്കി സലഫുസ്സ്വാലീഹുകളുടെ മാതൃക പിൻപറ്റിയാണ് കേരളത്തിൽ മുജാഹിദുകൾ പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മുജാഹിദ് ഐക്യം പ്രബോധന രംഗത്ത് കൂടുതൽ ഊർജ്ജം പകരുമെന്നും കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹിമാൻ സലഫി പ്രസ്താവിച്ചു.

ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ വർദ്ധിച്ച് വരികയാണെന്നും വാണിജ്യ താൽപര്യത്തോടെ വിശ്വാസ ജീർണത പ്രചരിപ്പിക്കുന്നത് സമൂഹത്തിന്റെ അധഃപതനമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാഹി സെന്ററുകൾ ചെയ്യുന്ന സേവനങ്ങളും ദഅ്വ പ്രവർത്തനങ്ങളും വളരെ ശ്ലാഘനീയമാണെന്നും അബ്ദുറഹിമാൻ സലഫി വിശദീകരിച്ചു.

മുജാഹിദ് ഐക്യം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തി പകരും-എ. അസ്ഗറലി

മുജാഹിദ് ഐക്യം കേരളത്തിൽ മുസ്ലിം നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണെന്നും മദ്ധ്യസ്ഥ?ാർ ഇല്ലാതെ ഇരുവിഭാഗം ആദർശപരവും സംഘടനാപരവുമായ വിഷയങ്ങൾ ചർച്ചചെയ്ത് ഐക്യപ്പെട്ടത് മാതൃകപരമായ ഒരു സംരംഭമാണെന്നും കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ.അസ്ഗറലി പറഞ്ഞു. കേരള മുസ്ലീകളുടെ നവോത്ഥാനത്തിന് തുടക്കം കുറിച്ച കേരള മുസ്ലിം ഐക്യ സംഘത്തിന്റെ പിന്മുറക്കാർക്ക് ഈ ഐക്യം കൂടുതൽ ആത്മ വിശ്വാസവും ഊർജ്ജവും പകരുന്നതാണെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്ലീകൾക്ക് കൂടി ഈ ഐക്യം പ്രചോദനമാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലോകത്ത് മുസ്ലിംകളും അല്ലാത്തവരും ഇന്ന് യുദ്ധ ഭീഷണിയിലും സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. തീവ്രവാദവും യുദ്ധവും സമൂഹത്തിന്റെ തകർച്ചക്കല്ലാതെ പുരോഗതിക്ക് സഹായകരമാവുകയില്ല എന്ന തിരിച്ചറിവ് ഉണ്ടാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മലയാളികൾ വസിക്കുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തും ഇസ്ലാഹി കൂട്ടായ്മകൾ രൂപപ്പെട്ടുവരികയാണെന്നും ഇത് ഇസ്ലാഹി സെന്ററുകളുടെ വിപുലീകരണത്തിന് ശക്തിപകരുമെന്നും അസ്ഗറലി പറഞ്ഞു.

സംഗമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, ജോ. സെക്രട്ടറി എൻജി. അൻവർ സാദത്ത്, ഖ്യു.എച്ച്.എൽ.എസ് സെക്രട്ടറി ഹാരിസ് മങ്കട എന്നിവർ സംസാരിച്ചു.

ഉപദേശക സമിതി ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, വൈസ് പ്രസിഡന്റുമാരായ അബ്ദുറഹിമാൻ അടക്കാനി, വി.എ മൊയ്തുണ്ണി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.