സിംഗപ്പൂർ: റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജന് ജയിൽ ശിക്ഷ. റെയിൽവേസ്റ്റഷനിലെ ലിഫ്റ്റിൽ വച്ചാണ് കന്തസ്വാമി കൃഷ്ണൻ എന്ന ഇരുപത്തേഴുകാരൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഈ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന കന്തസ്വാമി ലിഫ്റ്റിൽ വച്ച് ഇരുപത്തെട്ടുകാരിയായ ഫിലിപ്പിനോ യുവതിയുടെ കൈയിൽ കയറിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. സെറാൻഗൂൺ സ്റ്റേഷനിലെ ലിഫ്റ്റിലാണ് പീഡനശ്രമം അരങ്ങേറിയത്.

രാവിലെ 7.45 അപ്പർ സെറാൻഗൂൺ റോഡിലെ സ്‌റ്റോപ്പിൽ ട്രെയിൻ ഇറങ്ങിയ യുവതി പ്രധാന റോഡിലെത്താൻ ലിഫ്റ്റിൽ കയറവേ കന്തസ്വാമി പിന്തുടർന്ന് ലിഫ്റ്റിൽ ഇവർക്കൊപ്പം കയറുകയായിരുന്നു. ലിഫ്റ്റിൽ ഇവരെക്കൂടാതെ മറ്റാരും ഇല്ലായിരുന്നുവെന്നും ആ സമയത്താണ് ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയതെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അസ്രൻ സമദ് വ്യക്തമാക്കി. നാല് ആഴ്ചത്തെ ജയിൽ ശിക്ഷയാണ് കന്തസ്വാമിക്ക് ലഭിച്ചിരിക്കുന്നത്.