സിംഗപ്പൂർ: ഇന്ത്യക്കാരനായ യുവാവ് സിംഗപ്പൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുപത്താറുകാരനായ സുരേഷ്‌കുമാറിനെയാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.

സിംഗപ്പൂരിന്റെ പടിഞ്ഞാറൻ തീരത്ത് ഇയാൾ ജോലി ചെയ്തുവരികയായിരുന്ന പണ്ഡൻ വ്യവസായ എസ്റ്റേറ്റിനു സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കപ്പൽ സർവീസിങ് കമ്പനിയിൽ അഞ്ചുവർഷമായി ജോലിചെയ്തുവരികയായിരുന്നു സുരേഷ്‌കുമാർ. ഇയാളുടെ സ്വദേശം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സുരേഷ് കുമാറിന്റെ മൃതദേഹത്തിനു സമീപം ചോരക്കറകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴുത്തിനു പുറകിലും തലയ്ക്കും മാരകമായി പരിക്കേറ്റതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കൊലപാതകം മാത്രമായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നും അതിനാൽ ഇയാളുടെ വസ്തുവകകളൊന്നും കൊള്ളയടിക്കപ്പെട്ടിട്ടില്ലെന്നും ഒരു പ്രാദേശിക ദിനപത്രം റിപ്പോർട്ടു ചെയ്യുന്നു.
അവിവാഹിതനായ സുരേഷ്‌കുമാറിനൊപ്പം ഇയാളുടെ സഹോദരൻ സിംഗപ്പൂരിൽ താമസിക്കുന്നുണ്ട്. മാതാപിതാക്കൾ ഇന്ത്യയിലാണ്.