ഡിട്രോയിറ്റ്: ഭാര്യയ്‌ക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യവെ അടുത്തിരുന്ന സ്ത്രീയുടെ ദേഹത്ത് കൈവെച്ച അമേരിക്കയിലെ ഇന്ത്യക്കാരനെ പൊലീസ് പൊക്കി. 22കാരിയുടെ പരാതിയിലാണ് ഇന്ത്യക്കാരനായ പ്രഭു രാമമൂർത്തിയെ പൊലീസ് പൊക്കിയത്. സ്പിരിറ്റ് എയർലൈൻസ് വിമാനത്തിൽ ഭാര്യയ്ക്കൊപ്പം ലാസ്വേഗസിൽ നിന്നും ഡിട്രോയിറ്റിലേക്ക് പോകവേയാണ് പ്രഭു രാമമൂർത്തി സമീപത്തെ വിൻഡോസീറ്റിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

നല്ല മയക്കത്തിലായിരുന്ന യുവതിയുടെ ഷർട്ടിന്റെയും പാന്റിന്റെയും ബട്ടണുകൾ അഴിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയുമായിരുന്നു. ഉറക്കത്തിൽ തന്റെ ശരീരത്തിൽ ആരോ സ്പർശിക്കുന്നതായി തോന്നിയ യുവതി ഞെട്ടി എഴുന്നേറ്റു. പ്രഭുവിന്റെ കൈ ഈ സമയം യുവതിയുടെ പാന്റിനുള്ളിലായിരുന്നു.

ഉടൻതന്നെ യുവതി ഫ്ളൈറ്റ് ജീവനക്കാരെ കണ്ട് പരാതി നൽകി. യുവതി കരഞ്ഞുകൊണ്ടാണ് പരാതി നൽകിയതെന്നും ഈ സമയം വസ്ത്രത്തിലെ ബട്ടണുകൾ അഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് രണ്ട് ജീവനക്കാരും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ടീമിന് മൊഴി നൽകി. പുലർച്ചെ 5.30 ഓടെയായിരുന്നു ഈ സംഭവം. വിമാനം ലാൻഡ് ചെയ്ത ഉടനെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിക്കും ഭാര്യയ്ക്കും മധ്യേയുള്ള സീറ്റിലായിരുന്നു പ്രഭു ഇരുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ വിമാനത്തിൽ കയറിയ ഉടൻ താൻ ഒരു ഗുളിക കഴിച്ചിരുന്നുവെന്നും നല്ല ഉറക്കത്തിലായിരുന്നുവെന്നുമാണ് പ്രഭു പറയുന്നത്. ഭാര്യ പറയുമ്പോഴാണ് താൻ കാര്യങ്ങൾ അറിഞ്ഞത്. രണ്ടര വർഷമായി ഒരു ടെക്നോളജി കമ്പനിയിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു പ്രഭു.