ദുബായ്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരനായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബായ് പ്രാഥമിക കോടതി. യുവതിയെ ഉപദ്രവിച്ചതിന് പുറമെ 200 ദിർഹം മോഷ്ടിച്ചതായും പരാതിയിൽ പറയുന്നു.

ബലാത്സംഗം, മോഷണം, നിയമവിരുദ്ധമായ മദ്യപാനം എന്നീ കുറ്റങ്ങളാണ് ദുബായ് പ്രാഥമിക കോടതി പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാനാവും.

മദ്യലഹരിയിലായിരുന്ന ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ ഇരയായ 39കാരി ഇന്ത്യൻ സ്വദേശിയാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദുബായിലെ നൈഫിൽ ആയിരുന്നു സംഭവം. മകനെ സ്‌കൂൾ ബസിൽ കയറ്റി വിടുന്നതിനായി പുറത്തേക്കു പോയ യുവതി, അപാർട്മെന്റിലേക്ക് തിരികെ പോകുന്നതിനിടെ പ്രതി പിന്നാലെ എത്തിയാണ് ആക്രമിച്ചത്.

സംഭവം നടക്കുമ്പോൾ യുവതിയുടെ അപ്പാർട്ട്‌മെന്റിൽ മറ്റാരും ഇല്ലായിരുന്നു. യുവതിയുടെ ഭർത്താവ് ജോലി സ്ഥലത്തായിരുന്നു. ഉടൻ തന്നെ വിവരം ഭർത്താവിനെ അറിയിക്കുകയും, അദ്ദേഹം പൊലീസിനെ വിളിക്കുകയും ചെയ്തു. പരാതി നൽകി രണ്ടു ദിവസത്തിനകം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പൊലീസ് തിരിച്ചറിയുകയുമായിരുന്നു.

ബനിയാസ് സ്ട്രീറ്റിൽ വെച്ച് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച 200 ദിർഹത്തിൽ ബാക്കിയുണ്ടായിരുന്ന 135 ദിർഹം ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

വീടിന് പുറത്തുവെച്ച് കഴുത്തിൽ കത്തിവെച്ച ശേഷം അകത്തേക്കു കയറാൻ ആവശ്യപ്പെടുകയും, കിടപ്പു മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. കിടപ്പുമുറിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.

 'ഞാൻ എതിർക്കുകയും പ്രതിയെ തള്ളി മാറ്റുകയും ചെയ്തു. എന്നാൽ ബലം പ്രയോഗിച്ച് വീടിന്റെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു'- യുവതി കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.

കിടപ്പുമുറിയിൽവെച്ച് തന്നെ നിർബന്ധിച്ച് വിവസ്ത്രയാക്കുകയും നഗ്‌ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. അതിനുശേഷം വീട്ടിലുണ്ടായിരുന്ന 200 ദിർഹം മോഷ്ടിക്കുകയും ചെയ്തു. പൊലീസിനെ വിവരമറിയിച്ചാൽ നഗ്ന വീഡിയോ ദൃശ്യം പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി.

നൈഫിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്ന പ്രതി ഏറെക്കാലമായി തന്നെ പിന്തുടർന്നതായി ലൈംഗിക പീഡനത്തിനിടെ പറഞ്ഞുവെന്നും യുവതി മൊഴി നൽകി.