പെർമെനന്റ് റെസിഡൻസി കിട്ടുന്നതിന് വേണ്ടി ഇന്ത്യക്കാരൻ നടത്തിയ കൊലപാതക ത്തിലേക്ക് എത്തിയ കഥയാണ് മെൽബണിലെ ഇന്ത്യൻ സബൂഹത്തിൽ ഞെട്ടലുണ്ടാക്കി യിരിക്കുന്നത്.മെൽബണിലുള്ള ഇന്ത്യൻ വംശജനായ ഡഗ്ലസ് ഡെറിക് യൂസ്റ്റേസ് എന്ന 44 കാരനാണ് ഇക്കഴിഞ്ഞ ഓസ്‌ട്രേലിയ ദിനത്തിൽ ഭാര്യയെ കുത്തികൊലപ്പെടുത്തിയത്. ഇക്കാര്യം കഴിഞ്ഞ ദിവസം മെൽബൺ കോടതിക്ക് മുമ്പിൽ കുറ്റസമ്മതം നടത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്.

ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയ സന്ദർശിക്കാനായി എത്തിയ ഡഗ്ലസ്, മേരി ഫ്രീമാൻ എന്ന 41 കാരിയോട് പ്രണയാഭ്യർത്ഥന നടത്തുകയും തുടർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഇവർ വിവാഹിതരാവുകയും ചെയ്തു.2017 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കാമെന്ന ലക്ഷ്യത്തോടെയാണ് ഡഗ്ലസ് മേരിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.

വിവാഹം നടന്ന് മൂന്ന് മാസത്തിന് ശേഷം 2018 ജനുവരി 26ന് മെൽബണിലെ വീട്ടിൽ വച്ച് ഡഗ്ലസ് ഭാര്യയെ കൊലപ്പെടുത്തി എന്നാണ് കേസ്.ഓസ്‌ട്രേലിയ ദിന പാർട്ടിക്കിടെ മദ്യപിച്ച് കിടപ്പുമുറിയിലെത്തിയ ഡഗ്ലസ് അവിടെ വച്ച് ഭാര്യയുമായി തർക്കത്തിലേർപ്പെടുകയും ഇതേതുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് കോടതി കണ്ടെത്തി.
കൊലനടത്തിയ ശേഷം നേരിട്ട് ഡാൻഡിനോങ് പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റം ഏറ്റുപറഞ്ഞിരുന്നു.

വിവാഹ ദിവസം മേരി ഏറെ ദുഃഖിതയായിരുന്നുവെന്ന് മേരിയുടെ സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. ഡഗ്ലസ്സുമായുള്ള ബന്ധത്തിൽ സന്തോഷവതിയല്ലെന്നും ഇയാൾക്ക് പെര്മനെന്റ് റെസിഡൻസി വിസ ലഭിച്ചു കഴിഞ്ഞാൽ ബന്ധം ഉപേക്ഷിക്കുമെന്നും മേരി പറഞ്ഞതായി ഇവരുടെ സുഹൃത്ത് പൊലീസിനെ അറിയിച്ചു.തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ കുറ്റം സമ്മതിക്കുന്നു എന്നാണ് ഡഗ്ലസ് അറിയിച്ചത്. ഇയാളുടെ ശിക്ഷ തീരുമാനിക്കുന്നതിനുള്ള വാദം ഡിസംബർ 12ന് നടക്കും.