റിയാദ്: കഅബയെ അവഹേളിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട പ്രവാസി യുവാവ് സൗദിയിൽ അറസ്റ്റിൽ. കഅബയ്ക്ക് മുകളിൽ ശിവവിഗ്രഹം ഇരിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ച കുറ്റത്തിനായാണ് ഇന്ത്യക്കാരൻ അറസ്റ്റിലായത്. റിയാദിൽ അഗ്രികൾച്ചറൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശങ്കറാണ് അറസ്റ്റിലായത്.

സൗദി സുരക്ഷാ വിഭാഗമാണ് റിയാദിലെ അൽമുജമ്മ ഏരിയയിലെ തോട്ടത്തിൽ വച്ച് ഇയാളെ പിടികൂടിയത്. അഞ്ചു വർഷം വരെ തടവും അഞ്ചരക്കോടി രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്. ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. സൈബർ ലോകത്ത് വ്യാപകമായി പ്രചരിച്ച ചിത്രമാണ് ശങ്കർ ഷെയർ ചെയ്തത്.

തുടർന്നാണ് സൗദി സുരക്ഷാ വിഭാഗം ഇയാളുടെ ഫേസ്‌ബുക്ക് പരിശോധിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തത്. ചോദ്യം ചെയ്തപ്പോൾ കഅബയെ അവഹേളിച്ച് പോസ്റ്റിട്ടത് താനാണെന്ന് ശങ്കർ സമ്മതിക്കുകയും ചെയ്തു. കൂടുതൽ ചോദൃം ചെയ്യലിനായി ജനറൽ പ്രോസിക്യൂഷൻ വിഭാഗത്തിന് ശങ്കറിനെ കൈമാറി.

ശങ്കർ പൊന്നം എന്നാണ് ഫേസ്‌ബുക്കിൽ ഹൈദരാബാദ് ജഗദിലാൽ സ്വദേശിയായ ഇയാൾ തന്നെ പരിചയപ്പെടുത്തുന്നത്. 12ാം തീയതി വൈകീട്ട് 4.41നാണ് കഅബയെ അവഹേളിക്കുന്ന ചിത്രം ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.