ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയിൽ 16കാരന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശിയും ന്യൂജേഴ്സിയിലെ താമസക്കാരനുമായ സുനിൽ ഹെഡ്ലയാണ്(61) കൗമാരക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 15 വ്യാഴാഴ്ച അമേരിക്കൻ സമയം രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്.

കഴിഞ്ഞ മുപ്പതുവർഷമായി അമേരിക്കയിൽ താമസിക്കുന്ന സുനിൽ ഹെഡ്ല ഹോട്ടൽരംഗത്ത് ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി ജോലിക്ക് കയറേണ്ടിയിരുന്ന അദ്ദേഹം വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് അക്രമി വെടിയുതിർത്തത്. സുനിൽ ഹെഡ്ലയ്ക്ക് നേരെ തുരുതുരാ വെടിയുതിർത്ത ശേഷം പതിനാറുകാരൻ ഇദ്ദേഹത്തിന്റെ കാറുമായി കടന്നുകളഞ്ഞു. ശരീരത്തിൽ പലയിടത്തും വെടിയേറ്റ സുനിൽ തൽക്ഷണം മരിച്ചിരുന്നു. കാർ മോഷ്ടിക്കാനായാണ് പതിനാറുകാരൻ കൊലപാതകം നടത്തിയതെന്നും, പ്രതിയെ വെള്ളിയാഴ്ച തന്നെ പൊലീസ് പിടികൂടിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1987ൽ അമേരിക്കയിലേക്ക് കുടിയേറിയ സുനിൽ ഹെഡ്ല ഈ മാസം അവസാനം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. അമ്മയുടെ 95-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം രണ്ടുമാസത്തെ അവധിയെടുത്തിരുന്നത്. ഇതിനിടെയാണ് ദാരുണമായ കൊലപാതകമുണ്ടായത്.