ഷാർജ: 16 വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ മകനെ ഉമ്മ കണ്ടുമുട്ടിയപ്പോൾ ഷാർജ വിമാനത്താവളം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്ക്. ദ്വീർഘകാലത്തെ പ്രാർത്ഥനകൾ സഫലമായ മുഹൂർത്തത്തിൽ സന്തോഷം കൊണ്ട് ഇരുവരും കെട്ടിപ്പിടിച്ചു, ആനന്ദക്കണ്ണീർ പൊഴിച്ചു. ഈ രംഗത്തിന് സാക്ഷ്യം വഹിച്ച മറ്റുള്ളവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. സുഡാനിൽ നിന്നെത്തിയ മകൻ ഹനിയും കേരളത്തിൽ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിലായിരുന്നു കൂടിക്കാഴ്‌ച്ച.

16 വർഷം മുമ്പ് വേർപിരിഞ്ഞ സുഡാനി ആങ്ങളെയെ മലയാളിയായ സഹോദരി ദുബായിൽ വെച്ച് കണ്ടുമുട്ടിയിരുന്നു. സുഡാനിൽ നിന്ന് ഏറെ ത്യാഗം സഹിച്ച് ദുബായിൽ എത്തിയാണ് സഹോദരി സമീറയെ ഹനി കണ്ടത്. ഈ വേളയിലാണ് ഉമ്മയെ കാണണം എന്ന ആഗ്രഹം യുവാവ് പ്രകടിപ്പിച്ചത്. ഈ ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു കഴിഞ്ഞ ദിവസം. ഹനിയുടെ കഥ മാധ്യമങ്ങളിലെല്ലാം വന്നിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട പാക്കിസ്ഥാൻ സ്വദേശി ത്വൽഹാ ഷാ ആണ് നൂർജഹാന് ഷാർജയിലെത്താനുള്ള വിമാനടിക്കറ്റ് നൽകിയത്. ഷാർജയിലെ തന്റെ സ്ഥാപനത്തിൽ ഹനിക്ക് ജോലി നൽകാനും ത്വൽഹ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പ്രമുഖ ടൈപ്പിങ് സ്ഥാപനത്തിൽ ജോലി ലഭിച്ചതിനാൽ ഹനിക്ക് വാഗ്ദാനം സ്വീകരിക്കാനായില്ല.

കോഴിക്കോട് നിന്ന് വിവാഹം കഴിച്ച സുഡാനി പൗരൻ നാദിറിന്റെ മക്കളായ ഹാനിയും സമീറയുമാണ് വീണ്ടും ഒത്തുചേർന്നത്.  സുഡാനിൽ നിന്ന് കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ് 16 വർഷം മുൻപ് കൂട്ടിക്കൊണ്ടു പോയതോടെയാണ് ഉമ്മയിൽ നിന്നും സഹോദരങ്ങളിൽ നിന്നും ഹനി വേർപെട്ടു പോയത്. രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ ഇവർ ജീവിച്ചു. നഴ്‌സറിയിൽ പഠിക്കുന്ന വേളയിലായിരുന്നു ഈ വേർപിരിയൽ. പിന്നീട് നാടുമായി ഒരുതരത്തിലൂം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ, വർഷങ്ങൾക്കു ശേഷം ഉമ്മയുടെ ഫോട്ടായും വിവാഹ സർട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം കണ്ടെടുത്ത ഹനി സുഡാൻ സന്ദർശിച്ച മണ്ണാർക്കാട് സ്വദേശി ഫാറൂഖിനോട് ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഫാറൂഖ് നൽകിയ വിവരങ്ങൾ അബൂദബിയിലുള്ള സിയാംകണ്ടം സ്വദേശി റഹീം പൊയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സഹോദരങ്ങൾ വിവരമറിഞ്ഞത്.

സുഡാനി യുവാവ് കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ് ബന്ധുക്കളിലൊരാളായ ഷിഹാബ് ബന്ധപ്പെടുകയായിരുന്നു. വർഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തിയെന്ന നിറ സന്തോഷ വർത്തമാനം കോഴിക്കോടുള്ള വീട്ടിലിരുന്ന് ഉമ്മ നൂർജഹാൻ കേട്ടു. തുടർന്നാണ് ജീവിത കഷ്ടപ്പാടിന് അൽപമെങ്കിലും ആശ്വാസമാവാൻ ദുബായിൽ ഒരു കടയിൽ ജോലി ചെയ്തു വരുന്ന സഹോദരിയും മറ്റു ചില ബന്ധുക്കളും മുൻകൈയെടുത്ത് പിതാവ് അറിയാതെ ഹനിയെ മൂന്നു മാസത്തെ സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിച്ചത്. ഇതോടെയാണ് ഹാനി നാദർ മെർഗണിയുടെ ആഗ്രഹം സഫലമായത്.

കൈയിൽ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി സഹോദരനെ കണ്ടെത്താൻ സമീറ ചെലവിട്ടു. വെള്ളിയാഴ്ചയുടെ അവധി ദിവസം മുഴുവൻ ആങ്ങളയും പെങ്ങളുമിരുന്ന് 16 വർഷങ്ങളിലെ വിശേഷങ്ങൾ പറഞ്ഞു. ഉമ്മയെ കേരളത്തിലെത്തി നേരിൽ കാണാൻ മോഹമുണ്ടെന്ന് ഹനി പറഞ്ഞ. എന്നാൽ, സന്ദർശക വിസ കാലാവധി തീരുന്നതിനകം യു.എ.ഇയിൽ ഒരു ജോലി സംഘടിപ്പിച്ച ശേഷം ഉമ്മയെ സന്ദർശിക്കാനായിരുന്നു സുഹൃത്തുക്കളുടെ ഉപദേശം.

ഒരിക്കലും കാണാനാവില്ലെന്ന് കരുതിയ അനുജനെ കൺമുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നൽകിയെന്ന ഉറച്ച വിശ്വാസത്തിലാണ് സമീറ. താൻ ജനിച്ച നാട്ടിലേക്ക് വീണ്ടും വരണം എന്ന ആഗ്രഹത്തിലാണ് ഈ ചെറുപ്പക്കാരനിപ്പോൾ.