- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോയ വർഷം യു കെയിൽ വിസ കിട്ടിയത് 37,815 ഇന്ത്യൻ നഴ്സുമാർക്ക്; വിസ ലഭിച്ചതിൽ മഹാഭൂരിപക്ഷവും മലയാളി നഴ്സുമാർ; ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ നഴ്സുമാരെത്തിയതും ഈ വർഷം; ബ്രിട്ടീഷ് ആരോഗ്യ മേഖലയെ അടിമുടി നിയന്ത്രിച്ചത് മലയാളികൾ
ലണ്ടൻ: ബുധനാഴ്‌ച്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിൽ യു കെയിലെ നാഷണൽ ഹെൽത്ത് സർവ്വീസിൽ ഈ വർഷം ഇന്ത്യയിൽ നിന്നുമെത്തിയ നഴ്സുമാരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി പറയുന്നു.നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലിന്റെ കണക്കനുസരിച്ച് 2021-22 വർഷത്തിൽ കൗൺസിലിൽ റെജിസ്റ്റർ ചെയ്തത് 37,815 ഇന്ത്യൻ നഴ്സുമാരാണ്. തൊട്ട് മുൻപത്തെ വർഷം ഇത് 28,192 ആയിരുന്നു. നാല് വർഷം മുൻപ് 17,730 ഉം.
41,090 നഴ്സുമാർ എത്തിയ ഫിലിപ്പൈൻസാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 7,256 നഴ്സുമാർ എത്തിയ നൈജീരിയ മൂന്നാം സ്ഥാനത്തും. നിലവിൽ തങ്ങളുടെ റെജിസ്റ്ററിൽ വളരെയധികം നഴ്സുമാരുണ്ടെന്ന് വ്യക്തമാക്കിയ കൗൺസിൽ കഴിഞ്ഞ രണ്ടു വർഷമായി നഴ്സുമാരുടെ ക്ഷാമം മൂലം അനുഭവിച്ച സമ്മർദ്ദം കണക്കാക്കുമ്പോൾ ഇത് വളരെ നല്ല ഒരു കാര്യമാണെന്നും പറഞ്ഞു. എന്നാൽ, ഇതിന് ഭയപ്പെടുത്തുന്ന മറ്റൊരു വശം കൂടിയുണ്ട് എന്നും കൗൺസിൽ വക്താക്കൾ പറയുന്നു. രജിസ്ട്രേഷൻ ഒഴിവാക്കി പുറത്തു പോകുന്നവരുടെ എണ്ണവും വർദ്ധിച്ചു വരികയാണത്രെ.
കോവിഡ് കാലത്ത് അനുഭവിക്കേണ്ടി വന്ന സമ്മർദ്ദങ്ങളുടെ കഥകളാണ് പിരിഞ്ഞുപോയവരിൽ പലർക്കും പറയാനുള്ളത്. ആരോഗ്യ രംഗത്തെ ജീവനക്കാരുടെ കുറവ് പരിഹരിക്കുവാനും സുസ്ഥിരമായ ഒരു തൊഴിൽ സൈന്യത്തെ രൂപപ്പെടുത്തുവാനും പുതിയ നിയമനങ്ങൾക്കൊപ്പം പഴയവരെ പിടിച്ചു നിർത്തുക എന്ന നയം കൂടി ആവശ്യമാണെന്നും കൗൺസിൽ വ്യക്തമാക്കുന്നു.
ഈ വർഷം 48,436 നഴ്സുമാരാണ് ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞവർഷം ഇത് 34, 517 ആയിരുന്നു. നഴ്സുമാരുടെ ക്ഷാമത്തിൽ വലയുന്ന എൻ എച്ച് എസിന് ഇത് നല്ലൊരു വാർത്ത തന്നെയാണ്. പുതിയതായി നിയമിതരായവരിൽപകുതിയോളം (48 ശതമാനം) ആളുകളും ബ്രിട്ടന് വെളിയിൽ നഴ്സിങ് പരിശീലനം നേടിയെത്തിയവരാണെന്നും കൗൺസിൽ വ്യക്തമാക്കുന്നുണ്ട്. അതിൽ 66 ശതമാനം പേരും ഇന്ത്യയിലോ ഫിലിപ്പൈൻസിലോ പരിശീലനം സിദ്ധിച്ചവരും. അതായത്, പണ്ടത്തേക്കാളേറെ ബ്രിട്ടനിലെ ആരോഗ്യരംഗം വിദേശത്ത് പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരെ ആശ്രയിക്കുന്നു എന്നർത്ഥം.
ഇതും ആശങ്കപ്പെടേണ്ട കാര്യമാണെന്നാണ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നത്. വിദേശത്തു നിന്നും എത്തുന്നവർ ബ്രിട്ടന്റെ ആരോഗ്യ മേഖലയ്ക്ക് കാര്യമായ സംഭാവനകൾ നൽകുന്നുണ്ടെങ്കിലും അവർ എന്നും ഇവിടെ തുടരുമെന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്നും കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. സുസ്ഥിരമായ ഒരു നഴ്സിങ് വർക്കിങ് ഫോഴ്സ് രൂപീകരണത്തിനുള്ള നയം രൂപീകരിക്കണമെന്ന് റോയൽ കോളേജ് ഓഫ് നഴ്സിംഗും ആവശ്യപ്പെടുന്നുണ്ട്.
അതുപോലെ നഴ്സിങ് രംഗം വിട്ടുപോകുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നതും ആശങ്കയോടെ കാണേണ്ട വസ്തുതയാണെന്ന് കൗൺസിൽ വക്താക്കൾ പറയുന്നു. യു കെയുടെ എല്ലാ ഭാഗങ്ങളിലും നഴ്സുമാരുടെയും മിഡ്വൈഫ്മാരുടേയും എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ ആരോഗ്യ രംഗം. കഴിയുന്നതും വിദേശ നഴ്സുമാരെ ആശ്രയിക്കുന്നത് ഒഴിവാക്കി, നാട്ടുകാരെ തന്നെ നിയമിക്കാനാണ് ശ്രദ്ധിക്കുന്നത്.
മറുനാടന് ഡെസ്ക്