ന്യൂഡൽഹി: യുദ്ധഭൂമിയായി മാറിക്കഴിഞ്ഞ യെമനിൽനിന്ന് സ്വന്തം പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനം പ്രതീക്ഷ നൽകുന്നത് മറ്റ് 26 രാജ്യങ്ങളിലെ പൗരന്മാർക്കുകൂടി. ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഏറ്റെടുത്ത് നടപ്പാക്കുന്ന ഇന്ത്യൻ സർക്കാരിന്റെയും സൈന്യത്തിന്റെയും ആർജവത്തെ പ്രശംസിക്കുകയാണ് ലോകരാജ്യങ്ങളാകെ. തിങ്കളാഴ്ച മാത്രം ആയിരത്തിലേറെ ആളുകളെയാണ് ഇന്ത്യ യെമനിൽനിന്ന് രക്ഷിച്ചത്. 574 പേരെ സനയിൽനിന്ന് വിമാനമാർഗവും 479 പേരെ അൽ ഹൊദെയ്ദയിൽനിന്ന് കടൽ മാർഗവും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. യുദ്ധം രൂക്ഷമായ ശേഷം ഇന്ത്യ ഇതേവരെ 3500-ലേറെ ഇന്ത്യക്കാരെ രക്ഷിച്ചു. മറ്റ് 26 രാജ്യങ്ങളിൽനിന്നുള്ള 225-ഓളം പൗരന്മാർക്കും ഇന്ത്യൻ സഹായം സ്വന്തം നാടുകളിലെത്തിക്കാൻ വഴിതുറന്നു.

യഥാർഥത്തിൽ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണ്. മാലെദ്വീപാണ് ഏറ്റവുമൊടുവിൽ ഇന്ത്യൻ സഹായം അഭ്യർത്ഥിച്ച് മുന്നോട്ടുവന്നത്. എല്ലാ അയൽരാജ്യങ്ങളിൽനിന്നുമുള്ള പൗരന്മാരെയും യെമനിൽനിന്ന് സ്വന്തം നാട്ടിലെത്തിക്കാൻ ഇന്ത്യ വഴിയൊരുക്കിയിരുന്നു. അമേരിക്ക, ബ്രിട്ടൻ, ജർമൻ, മലേഷ്യൻ പൗരന്മാരും ഇക്കൂട്ടത്തിൽപ്പെടുന്നു. അതിനിടെ, 11 ഇന്ത്യക്കാരെ പാക്കിസ്ഥാനും യെമനിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു. പാതിതകർന്ന സനയിലെ വിമാനത്താവളത്തിൽനിന്ന് ഇതുവരെ 10 സർവീസുകളാണ് എയർ ഇന്ത്യ നടത്തിയത്. ബംഗ്ലാദേശ്, ക്യൂബ, ചെക്ക് റിപ്പബ്ലിക്, ജിബൂട്ടി, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഹംഗറി, ഇറാഖ്, ഇൻഡൊനീഷ്യ, അയർലൻഡ്, ലബനൻ, മലേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ്, റൊമേനിയ, സ്‌ളൊവേനിയ, ശ്രീലങ്ക, സിംഗപ്പുർ, സ്വീഡൻ, തുർക്കി, യു.എസ്.എ., യെമൻ എന്നിവയാണ് ഇന്ത്യയുടെ സഹായംതേടിയ രാജ്യങ്ങൾ.

ജിബൂട്ടി കേന്ദ്രമാക്കി കേന്ദ്ര സഹമന്ത്രി ജനറൽ വി.കെ.സിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനം ലോകത്തിന്റെ മുഴുവൻ കൈയടി നേടിക്കഴിഞ്ഞു. ഏദൻ, സന, അൽ ഹൊദെയ്ദ, അൽ മുലാല തുടങ്ങിയിടങ്ങളിൽനിന്ന് ഇന്ത്യക്കാരെ ജിബൂട്ടിയിലെത്തിച്ച് അവിടെനിന്ന് എയർ ഇന്ത്യയുടെയും എയർഫോഴ്‌സിന്റെയും വിമാനങ്ങളിൽ നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. നാവികസേനയുടെ ഐഎൻഎസ് മുംബൈ, ഐഎൻഎസ് സുമിത്ര, ഐഎൻഎസ് തർകാഷ് എന്നീ യുദ്ധക്കപ്പലുകളും ഇവിടെ നങ്കൂരമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഐഎൻഎസ് മുംബൈയ്ക്കു തുറമുഖത്ത് അടുക്കാൻ കഴിഞ്ഞിരുന്നില്ല. ചെറുബോട്ടുകളിൽ ഇന്ത്യക്കാരെ പുറംകടലിൽ കിടന്ന കപ്പലിലേക്ക് എത്തിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ സംവിധാനങ്ങൾ മുഴുവൻ യെമനിലെ രക്ഷാപ്രവർത്തനത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഓരോ നിമിഷത്തെയും നീക്കങ്ങൾ പിന്തുടരുന്നു. യെമനിലെ വ്യോമമേഖലയിലൂടെ ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ അനുമതി തേടി നരേന്ദ്ര മോദി സൗദി രാജാവ് സൽമാനെ വിളിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിലാണ് എയർ ഇന്ത്യ വിമാനങ്ങൾ യെമന്റെ വ്യോമപരിധിക്കുള്ളിൽ കടക്കുന്നതും സനയിൽനിന്ന് ഇന്ത്യക്കാരുമായി തിരിച്ചുപോരുന്നതും. മുൻ കരസേനാ മേധാവി ജനറൽ വി.കെ.സിങ്ങിന്റെ അനുഭവസമ്പത്തും ഈ രക്ഷാപ്രവർത്തനത്തിന് ഇന്ത്യയെ സജ്ജമാക്കുന്നുണ്ട്. യെമനിലെ മന്ത്രിമാരുമായും അവിടെ പോരാട്ടം നടത്തുന്നവരുമായും ചർച്ച ചെയ്യുന്നതിന് ഒരുദിവസം അദ്ദേഹം സനയിൽ ചെലവഴിക്കുകപോലുമുണ്ടായി. അതിനുശേഷമാണ് ജിബൂട്ടിയിലേക്ക് തിരിച്ചെത്തി കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കാൻ തുടങ്ങിയത്.

അതിനിടെ യെമനിൽ ഇന്ത്യാ നടത്തിയ രക്ഷാദൗത്യത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് എത്തി. പ്രതിരോധ,വിദേശകാര്യ വകുപ്പുകളും മറ്റു സംഘടനകളും നടത്തിയ രക്ഷാദൗത്യം കാണിക്കുന്നത് സ്വന്തം പൗരന്മാരെ രക്ഷിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെയാണെന്ന് നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞു. കര നാവിക സേനകൾ, വിദേശകാര്യ, ഷിപ്പിങ്, റെയിൽവേ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ ,എയർഇന്ത്യ എന്നിവ തമ്മിലുള്ള നിരന്തര സഹകരണം രക്ഷാപ്രവർത്തനങ്ങളെ വലിയൊരളവിൽ സഹായിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇതു തുടരണമെന്നും ആവശ്യപ്പെട്ടു. ദിവസങ്ങളായി ജിബുട്ടിയിൽ തങ്ങുന്ന വിദേശകാര്യസഹമന്ത്രി ജനറൽ വി കെ സിങിനെയും ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ച വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യാക്കാർ അല്ലാത്ത നിരവധി പേരെയും യെമനിൽ നിന്ന് രക്ഷപ്പെടുത്തിഎന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആപത്തിൽപ്പെടുന്ന നമ്മുടെ ആൾക്കാർക്ക് സേവനം നല്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ഇന്ത്യയുടെ സന്നദ്ധതയെയാണ് യെമനിലെ ഒഴിപ്പിക്കൽ ശ്രമങ്ങളിൽ പ്രതിഫലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിനിടെ, യെമനിലെ പ്രധാന തുറമുഖ നഗരമായ ഏദൻ പിടിക്കാൻ കനത്ത പോരാട്ടം നടക്കുകയാണ്. വിദേശ യുദ്ധക്കപ്പലിൽ നിന്ന് ആക്രമണമുണ്ടായതായി ഏദൻ നിവാസികൾ പറയുന്നു. ഈ മേഖലയിൽ കരയുദ്ധവും രൂക്ഷമാണ്. ഹൂതി വിമതരും പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയെ അനുകൂലിക്കുന്ന പോരാളികളും തമ്മിലുള്ള യുദ്ധത്തിൽ ഒന്നരദിവസത്തിനിടെ 53 പേർ ഇവിടെ കൊല്ലപ്പെട്ടു. ഇതിൽ 17 സാധാരണക്കാരും ഉൾപ്പെടും. തെരുവുയുദ്ധവും ഷെല്ലാക്രമണവും രൂക്ഷമായതോടെ ഏദൻ ഒറ്റപ്പെട്ടുകഴിഞ്ഞു. നിലയിലാണ്. സൗദി അറേബ്യയുടെ നേതൃത്വത്തിൽ 12 ദിവസമായി നടക്കുന്ന വ്യോമാക്രമണത്തിനും ഹൂതികളുടെ മുന്നേറ്റം തടയാനായിട്ടില്ലെന്നാണു റിപ്പോർട്ട്. ഏദൻ തുറമുഖത്തിന്റെ നിയന്ത്രണം പിടിക്കാനുള്ള പോരാട്ടമാണു ഹൂതികൾ നടത്തുന്നത്. തുറമുഖം അടച്ചിരിക്കുകയാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ സ്വന്തം പൗരന്മാരെ യെമനിൽ നിന്നു രക്ഷിച്ചത് ഏദൻ തുറമുഖം വഴിയാണ്.

യുദ്ധഭൂമിയായ യെമനിൽ നിന്ന് വ്യോമ, നാവിക സേനാവിഭാഗങ്ങൾ നടത്തിയ രക്ഷാ പ്രവർത്തനത്തിൽ 1053 ഇന്ത്യൻ പൗരന്മാരെ കൂടി ഇന്ത്യ ഇന്നലെ രക്ഷപ്പെടുത്തി. 574 പേരെ സനാ വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി വ്യോമ സേന രക്ഷിച്ചപ്പോൾ അൽഹുദയ്ദാ തുറമുഖത്ത് നിന്ന് 479 പേരെ നാവിക സേന ജിബൂട്ടിയിലുമെത്തിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ 551 പേരെ കൂടി ജിബൂട്ടിയിൽ നിന്ന് നാട്ടിലെത്തിക്കാൻ കഴിഞ്ഞു. വ്യോമസേനയുടെ സി 17 ഗ്‌ളോബ്മാസ്റ്റർ വിമാനത്തിൽ 176 പേരെ 11.15ഓടെ മുംബയിലും എയർ ഇന്ത്യയുടെ 777 ബോയിങ് വിമാനത്തിൽ 375 പൗരന്മാരെ രാത്രി 11.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമാണ് എത്തിച്ചത്.

ഹൂതി ത്രീവവാദികൾക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന കരയുദ്ധം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ അഞ്ച് ദിവസത്തിനകം മുഴുവൻ വിദേശികളും രാജ്യം വിട്ടുപോകണമെന്ന് യെമൻ ഭരണകൂടം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.