ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. കാലിഫോർണിയയിലാണ് സംഭവം. ന്യൂമാൻ പൊലീസിലെ ഉദ്യോഗസ്ഥനായ റോണിൽ സിങാണ്(33) ക്രിസ്മസ് ദിവസം രാത്രി നടുറോഡിൽ വെടിയേറ്റ് മരിച്ചത്. അധികസമയ ഡ്യൂട്ടിയിലായിരുന്നു റോണിൽ സിങിനെ വാഹന പരിശോധനയ്ക്കിടെ ആക്രമികൾ വെടിവെക്കുക ആയിരുന്നു.

വെടിയേറ്റ ഉടൻ റോണിൽ സിങ് വയർലെസ് സംവിധാനത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാൽ മറ്റു പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഏജൻസികളും സംഭവസ്ഥലത്തെത്തിയപ്പോൾ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമി സംഭവത്തിനുശേഷം രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

ഫിജിയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റോണിൽ സിങ് കഴിഞ്ഞ ഏഴു വർഷത്തിലധികമായി ന്യൂമാൻ പൊലീസിൽ ജോലിചെയ്യുകയാണ്. അനാമികയാണ് ഭാര്യ. അഞ്ചുവയസ്സുള്ള മകനുണ്ട്.