സിംഗപ്പൂർ: പബ്ലിക് സർവീസ് സേവനത്തിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജൻ അർഹനായി. ബ്ലാക്ക് സ്റ്റോൺ സിംഗപ്പൂർ എന്ന കമ്പനിയുടെ സീനിയൻ മാനേജിങ് ഡയറക്ടറും ഏഷ്യാ ഓപ്പറേറ്റീംഗ് കമ്മിറ്റിയുടെ കോ ചെയർമാനുമായ ഗൗതം ബാനർജിയാണ് സിംഗപ്പൂർ പബ്ലിക് സർവീസ് മെഡലിന് അർഹനായത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പ്രസിഡന്റ് ടോണി ടാൻ കെംഗ് യാമിൽ നിന്ന് ഗൗതം ബാനർജി അവാർഡ് ഏറ്റുവാങ്ങി.

പതിനാറാം വയസിൽ മുംബൈയിൽ നിന്ന് സിംഗപ്പൂരിലെത്തിയ ഗൗതം മുപ്പതു വർഷത്തോളം സിംഗപ്പൂരിലെ ഒന്നാം നിര ഫിനാൻഷ്യൽ സ്ഥാപനമായ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിലായിരുന്നു ജോലി ചെയ്തിരുന്നത്. 2012 ഡിസംബറിൽ ഇവിടെ നിന്നും വിരമിക്കുന്നതിന് മുമ്പ് ഒമ്പതു വർഷത്തോളം ഇതിന്റെ എക്‌സിക്യുട്ടീവ് ചെയർമാൻ കൂടിയായിരുന്നു.

സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡ്, ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് എന്നിവയുടെ ബോർഡ് മെംബർ, സിംഗപ്പൂർ ബിസിനസ് ഫെഡറേഷൻ വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളാണ് ഗൗതം ബാനർജി. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സിംഗപ്പൂർ ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഇൻ ഇംഗ്ലണ്ട് ആൻഡ് വേൽസ്, ഇന്റിസ്റ്റ്യൂട്ട് ഓഫ് സിംഗപ്പൂർ ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് എന്നിവയിൽ അംഗത്വവും ഉണ്ട് ഗൗതം ബാനർജിക്ക്.