ലണ്ടൻ: ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ സ്വകാര്യ വിമാനത്തിൽ യാത്രചെയ്യാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതിമാരുടെ വിവാഹമോചനക്കേസിൽ ആ യാത്രാ ടിക്കറ്റും ഇടംപിടിക്കുന്നു. കുക്കറി ബ്‌ളോഗുകളിലൂടെ പ്രശസ്തയായ മീരാ മനേക്, ഭർത്താവ് ആശിഷ് താക്കർ എന്നിവരുടെ വിവാഹമോചന കേസിലാണ് ഈ ടിക്കറ്റിന്റെ കാര്യവും പരിഗണിക്കപ്പെടുന്നത്.

ഭർത്താവിൽ നിന്ന് തനിക്ക് വൻതുക ജീവനാംശമായി കിട്ടാനിടയുണ്ടെന്നും എന്നാൽ അയാൾ തന്റെ സ്വത്ത് കുറവാണെന്ന കള്ളക്കണക്കാണ് ഹാജരാക്കിയിരിക്കുന്നതെന്നും പറഞ്ഞാണ് മീര ഈ ടിക്കറ്റിന്റെ കാര്യവും കോടതിയിൽ ഉന്നയിക്കാനൊരുങ്ങുന്നത്. തിങ്കളാഴ്ചയാണ് കേസ് യുകെ ഹൈക്കോടതിയിൽ പരിഗണനയ്ക്ക് വരുന്നത്. ബഹിരാകാശത്തെ യാത്രയ്ക്ക് 1.6 ലക്ഷം പൗണ്ടിന്റെ ടിക്കറ്റാണ് (ഏകദേശം 1.34 കോടി രൂപ) എടുത്തിട്ടുള്ളത്. തന്റെ ആകെ സമ്പാദ്യം 4.45 ലക്ഷം പൗണ്ട് (3.73 കോടി രൂപ) മാത്രമാണെന്നാണ് ആശിഷ് കോടതിയിൽ വാദിക്കുന്നത്.

ദുബാദ് കേന്ദ്രീകരിച്ച് ബിസിനസുകാരനായ ആശിഷും മീരയും 2008ലാണ് വിവാഹിതരാകുന്നത്. എന്നാൽ 2013ൽ ഇരുവരും അകന്നു. ആശിഷ് വൻ ആസ്തിക്ക് ഉടമയാണെന്ന ചർച്ചകളും ഇതിനിടെ സജീവമാണ്. 2015ൽ സൺഡേ ടൈംസ് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ആശിഷ് താക്കറുടെ വരുമാനം അമ്പതുകോടി പൗണ്ടിൽപ്പരം രൂപയാണ്. 4000 കോടി രൂപയിൽ പരം ആസ്തിയുണ്ടെന്ന് വ്യക്തമായിട്ടും കോടതിയിൽ തന്റെ സമ്പാദ്യം 4.45 ലക്ഷം പൗണ്ട് മാത്രമാണെന്ന് ആശിഷ് വാദിച്ചതോടെ ഇതു തെറ്റാണെന്ന് സ്ഥാപിക്കാനാണ് ബഹിരാകാശ യാത്രയുടെ ടിക്കറ്റിന്റെ കാര്യം മീര കോടതിയിൽ ഉന്നയിക്കുന്നത്. കേസിൽ അടുത്തയാഴ്ച കോടതി വിധി പറയും.

ബ്രിട്ടീഷ് സംരംഭകൻ റിച്ചാർഡ് ബ്രാൻസണിന്റെ ഉടമസ്ഥതയിലുള്ള വർജിൻ ഗാലക്റ്റിക് ഭാവിയിൽ നടത്തിയേക്കാവുന്ന ബഹിരാകാശയാത്രക്ക് താക്കർ 1,60,000 പൗണ്ട് നൽകി ടിക്കറ്റെടുത്തിരുന്നു.മൂന്നുമണിക്കൂർ ബഹിരാകാശ വിനോദ സഞ്ചാരത്തിനാണ് ആശിഷ് ടിക്കറ്റെടുത്തത്. ടിക്കറ്റിന്റെ വിലകൂടി താക്കറിന്റെ ആസ്തിയിൽ ഉൾപ്പെടുത്തണമെന്നാണ് മീര പറയുന്നത്. യാത്ര പുറപ്പെടുന്നതിന് തലേ ദിവസം വരെ ടിക്കറ്റ് തുക തിരികെനൽകുമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്ന സാഹചര്യത്തിലാണ് ഈ വാദം ഉയർത്തുന്നത്.