കാലിഫോർണിയ: കൂട്ടുകാരുമൊത്തുള്ള പാർട്ടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവേ കൊല്ലപ്പെട്ട പ്രവീണിനെ ആരും മറന്നുകാണില്ല. ഇതായിപ്പോൾ ഇന്ത്യൻ വംശജനായ മറ്റൊരു എൻജിനീയറിങ് വിദ്യാർത്ഥിയും പാർട്ടിക്കു ശേഷം മരിച്ച നിലയിൽ കാണപ്പെട്ടിരിക്കുന്നു. വൈഭവ് എന്നു പേരുള്ള ഇരുപതു വയസുകാരനാണ് കൂട്ടുകാർക്കൊപ്പമുള്ള പാർട്ടിക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് ബെർക്കിലി ക്യാമ്പസിനു സമീപത്തുള്ള ഒരു കെട്ടിടത്തിൽ വച്ചു നടന്ന പാർട്ടിക്കു ശേഷമാണ് വൈഭവ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മുന്നൂറോളം പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നതെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാത്രിയായിരുന്നു പാർട്ടി.

വൈഭവിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊലചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളഞ്ഞ പൊലീസ് മദ്യവും മയക്കുമരുന്നുമായിരിക്കാം മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നുണ്ടെന്നും പിന്നാലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ഒരു വർഷം മുമ്പാണ് പ്രവീൺ എന്ന യുവാവ് ഇതേതരത്തിൽ കൊല്ലപ്പെടുന്നത്. പാർട്ടിക്കു ശേഷം പുറത്തേക്കു പോയ പ്രവീണിനെ  പിന്നീട് വനമേഖലയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അതിനു ശേഷം ഫെബ്രുവരിയിൽ ജാസ്മിൻ ജോസഫ് എന്ന മറ്റൊരു മലയാളി യുവതിയെ കാണാതാകുകയും പിന്നീട് കാറിൻ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ഫ്‌ലോറിഡയിലെ പനാമ ബീച്ചിൽ നിന്നു കാണാതായ റെനി ജോസിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുമില്ല.