സിംഗപ്പൂർ: ഇന്ത്യൻ വംശജനായ നയതന്ത്ര ഉദ്യോഗസ്ഥന് സിംഗപ്പൂരിൽ ഔട്ട്‌സ്റ്റാൻഡിങ് സർവീസ് അവാർഡിന് അർഹനായി. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ (എൻയുഎസ്) ഏർപ്പെടുത്തിയ അവാർഡിന് സിംഗപ്പൂരിലെ ഇന്ത്യൻ അംബാസഡർ ഗോപിനാഥ് പിള്ളയാണ് അർഹനായിരിക്കുന്നത്.

ഇരുപത്തഞ്ചു വർഷത്തിലേറെയായി സിംഗപ്പൂരിൽ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്ന എഴുപത്തെട്ടുകാരനായ ഗോപിനാഥ് പിള്ള സിംഗപ്പൂരിലെ ഇന്നത്തെ നിലയിലെത്തിക്കാൻ ഏറെ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അവാർഡ് ദാന ചടങ്ങിൽ വിലയിരുത്തി. നയതന്ത്രഉദ്യോഗസ്ഥനാകും മുമ്പ് പത്രപ്രവർത്തകനായിരുന്ന ഗോപിനാഥ് പിള്ള ബാങ്കിങ് മേഖലയിലും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി കമ്പനിയായ സാവന്ത് ഇൻഫോകോമിന്റെ ചെയർമാനും ഗേറ്റ് വേ ഡിസ്ട്രീപാർക്ക്‌സിന്റെ ഡയറക്ടറുമാണ്.

സിംഗപ്പൂരിന്റെ സാമൂഹിക പശ്ചാത്തലം മെച്ചപ്പെടുത്തിയെടുക്കുന്നതിൽ ഗോപിനാഥ് പിള്ളയുടെ സംഭാവനകൾ വിലമതിക്കപ്പെടാത്തതാണെന്ന് എൻയുഎസ് പ്രസിഡന്റ് ടാൻ കോർ ചുവാൻ അഭിപ്രായപ്പെട്ടു. 2012-ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി ഗോപിനാഥ് പിള്ളയെ ആദരിച്ചിട്ടുണ്ട്.