സ്റ്റോറന്റ് ജീവനക്കാരിയായ ഇന്ത്യൻ യുവതിക്ക് അർഹതപ്പെട്ട പെയിഡ് പേരന്റൽ ലീവ് ആനുകൂല്യം നൽകാത്തതിന് ഇന്ത്യൻ വംശജനായ റെസ്റ്റോറന്റ് ഉടമയ്ക്ക് കോടതി പിഴ വിധിച്ചു. ന്യൂ സൗത്ത് വെയിൽസിലെ ലിത്‌ഗോയ്ക്കടുത്ത് മരംഗാരൂവിലുള്ള യുണൈറ്റഡ് പെട്രോളിയം റോഡ്ഹൗസ് റെസ്റ്റോറന്റിന്റെ ഉടമയായ കുൽദീപ് സിംഗിനാണ് പിഴശിക്ഷ വിധിച്ചത്. 1.18 ലക്ഷം ഡോളർ ആണ് കടയുടമ പിഴയായി നല്‌കേണ്ടത്.

ഇന്ത്യയിൽ നിന്ന് തൊഴിൽ വിസയിലെത്തിയ ജീവനക്കാരിക്ക് ആനുകൂല്യം നൽകുന്നത് റെസ്റ്റോറന്റുടമ മനഃപൂർവം തടഞ്ഞുവച്ചുവെന്ന് ഫെയർ വർക്‌സ് ഓംബുഡ്‌സ്മാൻ കണ്ടെത്തി. സ്‌കിൽഡ് റീജിയണൽ എംപ്ലോയർ നോമിനേഷൻ വിസയിലെത്തിയ ഷെഫായി ജോലി ചെയ്തുവരുകയായിരുന്നു ഇന്ത്യക്കാരിയായ കുൽദീപ് സിങ്.

സെന്റർലിങ്കിൽ നിന്ന് ഈ ജീവനക്കാരിക്ക് പേരന്റൽ ലീവ് ശമ്പളം നൽകാനായി 2015 ഏപ്രിലിൽ 11,538 ഡോളർ റെസ്റ്റോറന്റിന് കൈമാറിയിരുന്നു. എന്നാൽ ജീവനക്കാരി പല തവണ ആവശ്യപ്പെട്ടിട്ടും കുൽദീപ് സിംഗും, അദ്ദേഹത്തിന്റെ നൂർപ്രീത് എന്ന കമ്പനിയും ഈ തുക നൽകിയില്ല. തുടർന്നാണ് ജീവനക്കാരി ഹ്യൂമൻ സർവീസസ് വകുപ്പിനെയും അതുവഴി ഫെയർ വർക്ക്‌സ ഓംബുഡ്‌സ്മാനെയും സമീപിക്കുകയായിരുന്നു.

കുൽദീപ് സിംഗിന് 19,720 ഡോളറും നൂർപ്രീത് കമ്പനിക്ക് 98,700 ഡോളറുമാണ് ഓംബുഡ്‌സ്മാൻ പിഴയിട്ടത്. ജീവനക്കാർക്ക് പെയിഡ് പേരന്റൽ ലീവ് ആനുകൂല്യം നൽകാത്തതിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ ആദ്യമായാണ് ഓംബുഡ്‌സ്മാൻ ഒരു തൊഴിലുടമയിൽ നിന്ന് പിഴയീടാക്കുന്നത്.