മെൽബൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ മെൽബണിലെ വിശ്വാസിസമൂഹത്തിനു രണ്ടാമത്തെ ദേവാലയം കൂദാശയ്ക്കായി ഒരുങ്ങുന്നു.

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചാപ്പൽ, നവംബർ 20, 21 തീയതികളിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിലും സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ. മാത്യൂസ് മാർ സേവേറിയോസ്, കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഇടവക മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് എന്നിവരുടെ സഹകാർമികത്വത്തിലും കൂദാശ നിർവഹിക്കും.

മെൽബൺ സിറ്റിയിൽനിന്ന് ഏഴു കിലോമീറ്റർ തെക്ക് കോബർഗിൽ 1994 ഡിസംബറിൽ സഭയ്ക്കു പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് എന്ന പേരിൽ ആദ്യ ദേവാലയം സ്വന്തമായി. 2011 മേയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ ഇടവകയെ കത്തീഡ്രൽ ആയി ഉയർത്തി.

വിശ്വാസികളുടെ അംഗസംഖ്യ ഗണ്യമായി വർധിച്ചതിന്റെ ഫലമായി, മെൽബണിന്റെ തെക്ക്-കിഴക്കൻ പ്രവിശ്യകളിൽ താമസിക്കുന്ന വിശ്വാസികൾക്കായി ആ പ്രദേശത്ത് ഒരു ആരാധനാസൗകര്യം വേണമെന്ന ചിന്ത പ്രബലമായി. 2011 ഒക്‌ടോബറിൽ ഇടവക പൊതുയോഗത്തിന്റെ തീരുമാനപ്രകാരം, ഇടവക മെത്രാപ്പൊലീത്തായുടെ അനുമതിയോടെ സെന്റ് ഗ്രീഗോറിയോസ് ചാപ്പൽ രൂപവത്കരിച്ച് ഡാൻഡിനോംഗ് കേന്ദ്രീകരിച്ച് വിശുദ്ധ കുർബാന ആരംഭിച്ചു.

2012 ഡിസംബറിൽ സൗത്ത് ക്ലെയ്റ്റണിലെ ഹെതർറ്റൺ റോഡിൽ പുതിയ ചാപ്പലിനു അനുയോജ്യമായ ഒരേക്കർ ഭൂമിയും അതിലുള്ള ഇരുനില വീടും വിലയ്ക്കു വാങ്ങി. 2015 ജനുവരിയിൽ ക്ലെയ്റ്റണിൽ പുതിയ ചാപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2.5 മില്യണിൽ പരം ഡോളർ ചെലവിൽ പൂർത്തിയാക്കപെട്ട ദേവാലയം ലളിതമായി, പ്രകൃതിയോടു ചേർന്നു നിൽക്കുന്ന ബാഹ്യരൂപവും ഓർത്തഡോക്‌സ് ആരാധനാപാരമ്പര്യത്തിന് അനുയോജ്യമായ ഉൾഭാഗവുമാണു രൂപകൽപ്പന ചെയ്തത്.

2011 മുതൽ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്ന ഇടവക ഡെവലപ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ്, വികാരി ഫാ. ഷിനു കെ.തോമസ്, അസി. വികാരി ഫാ. ഫെർഡിനാന്റ് പത്രോസ്, കൺവീനർ സി.ഒ. തോമസ്, ട്രഷറർ സക്കറിയ ചെറിയാൻ, സെക്രട്ടറി അനൂപ് ഇടിച്ചാണ്ടി ചാപ്പൽ നിർമ്മാണ കോ-ഓർഡിനേറ്റർ ഷാജു സൈമൺ, മെംബർ അലക്‌സാണ്ടർ ജോൺ എന്നിവർ പുതിയ ദേവാലയത്തിന്റെ നിർമ്മാണത്തിനായി പ്രവർത്തിച്ചു.

വിവരങ്ങൾക്ക്: 0393837944.

റിപ്പോർട്ട്: ടോം ജേക്കബ്