- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്ക് എതിരെ സംസാരിച്ചതിന് ടീമിന് പുറത്ത്; റോവിങ്ങ് ടീമിൽ നിന്ന് ഇന്ത്യൻ താരത്തെ പുറത്താക്കി; അങ്ങനെ ഒരു മെഡൽ കേരളം വേണ്ടെന്ന് വച്ചു; ദേശീയഗെയിംസിലെ വിവാദങ്ങൾക്ക് ശമനമില്ല
ആലപ്പുഴ : ദേശീയ ഗെയിംസിൽ ആലപ്പുഴയിൽ നടക്കുന്ന തുഴച്ചിൽ മൽസരങ്ങളിലെ അഴിമതി ചൂണ്ടിക്കാട്ടിയ റോവിങ് താരത്തെ ടീമിൽനിന്നും പുറത്താക്കി. 2009 മുതൽ ദേശീയ മൽസരങ്ങളിലെ സ്ഥിരം മെഡൽ ജേതാവും ഇന്ത്യൻ ക്യാമ്പ് അംഗവുമായ ജിംസിമോൾ മാത്യൂവിനെയാണ് പരിശീലനക്യാമ്പിൽനിന്നു പുറത്താക്കിയത്. ദേശീയ ഗെയിംസിന്റെ പണം വേണ്ടപ്പെട്ടവർക്ക് വീതിച്ചു നൽകാൻ റോവ
ആലപ്പുഴ : ദേശീയ ഗെയിംസിൽ ആലപ്പുഴയിൽ നടക്കുന്ന തുഴച്ചിൽ മൽസരങ്ങളിലെ അഴിമതി ചൂണ്ടിക്കാട്ടിയ റോവിങ് താരത്തെ ടീമിൽനിന്നും പുറത്താക്കി. 2009 മുതൽ ദേശീയ മൽസരങ്ങളിലെ സ്ഥിരം മെഡൽ ജേതാവും ഇന്ത്യൻ ക്യാമ്പ് അംഗവുമായ ജിംസിമോൾ മാത്യൂവിനെയാണ് പരിശീലനക്യാമ്പിൽനിന്നു പുറത്താക്കിയത്.
ദേശീയ ഗെയിംസിന്റെ പണം വേണ്ടപ്പെട്ടവർക്ക് വീതിച്ചു നൽകാൻ റോവിങ് അസോസിയേഷൻ നടത്തുന്ന വഴിവിട്ട നീക്കങ്ങളെ എതിർത്ത ജിംസിക്കാണ് ക്യാമ്പിൽനിന്നും പുറത്തുപോകേണ്ടിവന്നത്. നേരത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ റോഡുവെട്ടി കോടികൾ തട്ടിയ അസോസിയേഷനെതിരെ മറുനാടൻ വാർത്ത നൽകിയിരുന്നു. ഇപ്പോൾ അസോസിയേഷനെതിരെ താരങ്ങൾതന്നെ രംഗത്തെത്തി പ്രതിഷേധിക്കുന്ന സാഹചര്യമാണുള്ളത്.
ഇക്കുറി തുഴച്ചിൽ കോച്ചിന്റെ ചതുപ്പുനിലം ഉയർത്താനാണ് ഗെയിംസിന്റെ പണം അസോസിയേഷൻ വകമാറ്റി ചെലവിട്ടത്. പുന്നമടയിൽ പ്രവർത്തിക്കുന്ന സായി കേന്ദ്രത്തിലെ റോവിങ് പരിശീലകയും ടീം മാനേജരുമായ മാലിനി ബെറെയി പുന്നമടയിൽ സ്വന്തമാക്കിയ ചതുപ്പുനിലം ഉയർത്താനുള്ള ശ്രമത്തിലാണ് അസോസിയേഷൻ. നേരത്തെ പ്രമുഖ കുടവ്യാപാരിയുടെ വസ്തുവിൽ റോഡ് നിർമ്മിച്ചാണ് അസോസിയേഷൻ കോടികൾ തട്ടിയത്. ദേശീയ മൽസരങ്ങൾ നടത്താൻ സ്ഥിരം പവലിയൻ അടക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള പുന്നമടയെ തഴഞ്ഞ് മണ്ണഞ്ചേരിയിലെ ആസ്പിൻവാളിനു സമീപത്തേക്ക് മൽസരങ്ങൾ മാറ്റി സ്ഥാപിച്ചതോടെയാണ് അഴിമതിക്ക് കളമൊരുങ്ങിയത്. അസോസിയേഷന്റെ ഈ അഴിമതിക്കെതിരെ പ്രതികരിച്ചവർക്ക് ചുട്ട അടിയും കിട്ടി, ഒപ്പം ടീമിൽനിന്നും ഒഴിവാക്കുകയും ചെയ്തു.
കഴിഞ്ഞ ദേശീയ മത്സരങ്ങളിൽ മെഡൽ ജേതാവായ തന്നെ ദേശീയ ഗയിംസ് ടീമിൽനിന്ന് ഒഴിവാക്കിയെന്നു കാണിച്ച് ജിംസിമോൾ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ എത്തിയിരുന്നു. 35- ാമത് ദേശീയ ഗെയിംസിന്റെ ഓപ്പൺ ട്രയലിൽ പങ്കെടുത്ത് ക്യാമ്പിൽ കയറിയ താരമായ തന്നെ മനഃപൂർവം ഒഴിവാക്കുകയായിരുന്നെന്നും ടീം സെലക്ഷനിൽ വൻക്രമക്കേട് നടന്നതായും ജിംസിമോൾ ആരോപിച്ചു. സി ആർ പി എഫ് കായികതാരത്തെ മാനദണ്ഡങ്ങൾ പാലിക്കാതെ ക്യാമ്പിൽ നേരിട്ട് പങ്കെടുപ്പിച്ചത് ഇതിന് തെളിവാണെന്ന് അവർ പറഞ്ഞു.
തന്നെ ക്യാമ്പിൽ ജൂനിയർ കായികതാരത്തിന്റെ കൂടെ കയറ്റി പരിശീലനത്തിൽ മനസ് മടുപ്പിച്ചതായും തന്റെകൂടെ തുഴയുന്ന കായികതാരങ്ങളെ നേരത്തെ വിളിച്ച് റൂമിൽ കയറ്റി അസോസിയേഷൻ സെക്രട്ടറിയും കോച്ചും സംസാരിച്ചതിന് ശേഷമാണ് ട്രയൽ തുടങ്ങിയതെന്നും ജിംസിമോൾ പറയുന്നു. തന്റെ കൂടെ ബോട്ടിൽ കയറാൻ കായികതാരങ്ങൾ വിസമ്മതിച്ചതായും ജിംസി ചൂണ്ടിക്കാട്ടി. ടീം സെലക്ഷനിൽ അഴിമതിയുണ്ടെന്നും ഇതുസംബന്ധിച്ച് വിജിലൻസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും ജിംസി ആവശ്യപ്പെട്ടു. ദേശീയ ഗെയിംസിന്റെ മറവിൽ മാലിനി ബെറെയിയുടെ ചതുപ്പുനിലം പൊക്കി ബോട്ട് ഹൗസ് ഉണ്ടാക്കാനുള്ള റോവിങ് അസോസിയേഷൻ സെക്രട്ടറിയുടെ ശ്രമം തടയണമെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഗെയിംസ് നടത്തിപ്പിലെ അഴിമതി അന്വേഷിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടു നടക്കുന്ന അഴിമതികളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയ ജിംസിയെ പുറത്താക്കിയ നിലപാടിനെ ചോദ്യംചെയ്ത വാട്ടർ സ്പോർട്സ് ട്രെയിനിങ് സെന്റർ സെക്രട്ടറി കെ എസ് റെജിയെ റോവിങ് അസോസിയേഷൻ ഭാരവാഹി അസഭ്യം പറയുകയും വലത്തേക്കണ്ണ് അടിച്ചുതകർക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ജില്ലാകലക്ടർക്കും എസ് പിക്കും പരാതി നൽകിയിട്ടുണ്ട്.