മുംബൈ: ഐപിഎല്ലിന്റെ 14-ാം പതിപ്പിന് ഏപ്രിൽ 11 ന് തുടക്കമായേക്കുമെന്ന് റിപ്പോർട്ടുകൾ. ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചനകൾ പ്രകാരം ചില സ്പോർട്സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 11 ന് തുടങ്ങി ജൂൺ അഞ്ചിനോ, ആറിനോ അവസാനിക്കുന്ന രീതിയിൽ മത്സരങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഐപിഎൽ ഗവേണിങ് കൗൺസിൽ അന്തിമ തീരുമാനമെടുക്കും.

മാർച്ച് മാസത്തോടെ ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യൻ പര്യടനം അവസാനിക്കും. അതിനു ശേഷം ഏപ്രിൽ 11ന് ഐപിഎൽ തുടങ്ങിയാലും താരങ്ങൾക്ക് ആവശ്യത്തിനു വിശ്രമം ലഭിക്കുമെന്നാണു ബിസിസിഐയുടെ വിലയിരുത്തൽ. അതേസമയം ഈ വർഷം ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചിട്ടുണ്ട്. ബിസിസിഐ ട്രഷറർ അരുൺ ധുമാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2021 ഐപിഎൽ ഇന്ത്യയിൽവച്ചു തന്നെ നടക്കും. പ്രശ്‌നമുണ്ടായാൽ പകരം വേദിയായിപോലും മറ്റിടങ്ങളൊന്നും നോക്കുന്നില്ലെന്നും ധുമാൽ വ്യക്തമാക്കി.

ഇന്ത്യ ഇപ്പോൾ യുഎഇയെക്കാൾ സുരക്ഷിതമാണ്. സാഹചര്യങ്ങൾ വഷളാകാതിരുന്നാൽ ഇന്ത്യയിൽതന്നെ മത്സരങ്ങൾ നടത്തുമെന്നും ധുമാൽ പ്രതികരിച്ചു. കോവിഡ് ആശങ്ക ഒഴിയുംമുൻപേയാണു വീണ്ടുമൊരു ഐപിഎൽ സീസൺ കൂടി കടന്നുവരുന്നത്. അതേസമയം ആരാധകരെ സ്റ്റേഡിയങ്ങളിലേക്കു പ്രവേശിപ്പിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സ്റ്റേഡിയങ്ങളിൽ പകുതി ആരാധകരെ അനുവദിക്കാനാണു സാധ്യത. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഐപിഎല്ലും ഇന്ത്യയിൽ തന്നെ നടത്താൻ ഒരുങ്ങുന്നത്.

ഐപിഎൽ മുഖ്യ സ്‌പോൺസർമാരായി പ്രമുഖ സ്മാർട്ട്‌ഫോൺ കമ്പനിയായ വിവോ തിരികെ വന്നേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐപിഎൽ മിനി ലേലത്തിനൊപ്പം സ്‌പോൺസർമാർക്കുള്ള ലേലവും ബിസിസിഐ നടത്തുമെന്നാണ് സൂചന. വിവോ തിരികെ വന്നാൽ റദ്ദാക്കുമെന്ന വ്യവസ്ഥയോടെയാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഐപിഎൽ കരാർ ഒപ്പിട്ടത്. വിവോയെ തിരികെ കൊണ്ടുവരാനാണ് ബിസിസിഐയുടെയും താത്പര്യം. എന്നാൽ, ഇക്കാര്യത്തിൽ വിവോ തീരുമാനം എടുത്തിട്ടില്ല.

ആദ്യ വർഷം 222 കോടി രൂപയ്ക്കാണ് ഡ്രീം ഇലവനും ഐപിഎലുമായുള്ള കരാർ. രണ്ടാം വർഷത്തിലേക്കോ മൂന്നാം വർഷത്തിലേക്കോ കരാർ നീണ്ടാൽ 240 കോടി രൂപ വീതം ആ വർഷങ്ങളിൽ നൽകണം. വിവോയ്ക്ക് സ്‌പോൺസർഷിപ്പിൽ താത്പര്യമില്ലെങ്കിൽ ഡ്രീം ഇലവൻ തന്നെ സ്‌പോൺസർമാരായി തുടരും. ഫെബ്രുവരി 18നാണ് ഐപിഎൽ ലേലം.